പയ്യോളി: അടുക്കി വെച്ച കല്ലുകളിലൂടെ കഥ പറയുകയാണ് ജെയ്ജി എലിസബത്ത്, അല്ല, കല്ലുകളെക്കൊണ്ട് കഥ പറയിപ്പിക്കുകയാണവർ. ഉരുളൻ കല്ലുകളും നീളൻ കല്ലുകളുമെല്ലാം അടുക്കി ഒതുക്കി നിറം ചാർത്തി, കാഴ്ചക്കാരെ ബൃഹത്തായ ആശയ ലോകത്തേക്ക് നയിക്കുകയാണ് തൻ്റെ സൃഷ്ടികളിലൂടെ.


ശുഭചിന്തകളാണ് ഭൂരിഭാഗം രചനകളും കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ബേർഡൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജീവിത വിജയത്തിനുള്ള സന്ദേശമാണ് നൽകുന്നത്. ഭൂതവും വർത്തമാനവും ഭാവിയും ഒന്നിച്ചു ചുമന്ന് കൊണ്ടു പോകുമ്പോഴാണ് ജീവിതം ബാധ്യതകളാൽ ഭാരപ്പെടുന്നതെന്നും, ഭൂതകാലത്തെ ഉപേക്ഷിച്ച് വർത്തമാനകാലത്തെ മാത്രമെടുത്ത് ഭാവിയിലേക്ക് പോവുമ്പോൾ സന്തോഷമുള്ള ജീവിതമാണ് ലഭിക്കുകയെന്നും ബേർഡൻ എന്ന ചിത്രം പറഞ്ഞു വെക്കുന്നു.


ഇതിന് അനുപൂരകമാണ് വെ റ്റു ഹാപ്പിനസ് (way to happiness) എന്ന ചിത്രം. കൂടാതെ, സ്ത്രീ ജീവിതത്തിൻ്റെ ഏഴ് ഘട്ടങ്ങളെ പകർത്തിയ സെവൻ സ്റ്റേജസ് ഓഫ് എ ലേഡി (Seven stages of a Lady) എന്ന ചിത്രം സ്ത്രീ ജീവിതത്തിലെ ജനനം മുതൽ വാർദ്ധക്യം വരെ വിവിധ ഘട്ടങ്ങളെ കല്ലുകൾ കൊണ്ട് ചിത്രീകരിച്ചിരിക്കുന്നു.


യുണിറ്റി (Unity), കൃഷ്ണ (Krishna), വെൽക്കം (Welcome), ലോൺലിനസ് (Loneliness), ഫ്രീഡം (Freedom), ജേർണി (jurney), ബുദ്ധ (Buddha), എൻജോയ് ദിബീച്ച് (Enjoy the beach), ഹോം വിത്ത് സറൗണ്ട് (Home with surround ) തുടങ്ങി കല്ലുകൾ കൊണ്ടുള്ള നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിനും വിപണനത്തിനുമായി സർഗാലയ പവലിയനിൽ ഒരുക്കിയിട്ടുള്ളത്.


എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് ജെയ്ജി എലിസബത്ത്. വളരെ ചെറിയ പ്രായത്തിലേ കല്ലുകൾ പെറുക്കി സൂക്ഷിക്കാറുണ്ടായിരുന്ന ജെയ്ജി കഴിഞ്ഞ പത്ത് വർഷങ്ങളായി കല്ലുകളിൽ ആശയങ്ങൾ ഒരുക്കുന്നതിൽ സജീവമാണ്. സൂക്ഷ്മതയും, കണ്ടെത്തുന്ന കല്ലുകൾക്ക് അവയുടെ രൂപത്തിനനുസരിച്ച് അടുക്കി വെക്കുകയും ചെയ്യുന്നതിനുള്ള മനസ്സുമുണ്ടായാൽ മാത്രം മതി ഈ മേഖലയിൽ തിളങ്ങാൻ എന്നാണ് ജെയ്ജിയുടെ അഭിപ്രായം. ആശയങ്ങളുടെ പൂർണതയ്ക്ക് ആയാണ് കാൻവാസിൽ പെയിൻ്റ് ചെയ്യുന്നതെന്നും അവർ സൂചിപ്പിച്ചു.


കല്ലു ചിത്രങ്ങളുടെ ആദ്യ പ്രദർശനവും സർഗാലയയിലായിരുന്നു. 2016 മുതൽ തുടർച്ചയായി സർഗാലയ കരകൗശല മേളകളിൽ സ്ഥിരം സാന്നിധ്യമാണ്. പിന്നീട് ലളിതകലാ അക്കാദമി, മുംബൈ എന്നിവിടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിലെ പ്രദർശന മേളകളിൽ സാന്നിധ്യമുറപ്പാക്കാൻ ജെയ്ജി എലിസബത്തിന് കഴിഞ്ഞിട്ടുണ്ട്. 200 രൂപ മുതൽ 6000 രൂപ വരെയാണ് ചിത്രങ്ങളുടെ വില.
കുറ്റ്യാടി ചാത്തൻകോട്ട് നട ജോസഫ് അരമനയുടെയും വത്സ ജോസഫിൻ്റെയും മകളായ ജെയ്ജിയുടെ ഭർത്താവ് ചെന്നൈ എം ആർ എഫ് ടയേഴ്സിലെ ലാറി ഫിലിപ്പോസ് ആണ്.




Discussion about this post