തിരുവനന്തപുരം∙ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും, നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.സ്വർണക്കടത്തുകേസ് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമാണ്.
കേസ് സംബന്ധിച്ച നടപടികൾ നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. ‘അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു നമുക്കറിയാം. സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാം. അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ട്, അവരത് ചെയ്യും’ – എസ്.ജയശങ്കർ പറഞ്ഞു. സ്വർണക്കടത്തു കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ചോദ്യത്തിന്, കേരളം ചർച്ച ചെയ്യുന്നതുപോലെ ഇതു രാഷ്ട്രീയവിവാദമല്ലെന്നും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രവിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും ജയശങ്കർ പറഞ്ഞു.
ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ സന്ദർശിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കും എസ്.ജയശങ്കർ മറുപടി നൽകി. താഴേത്തട്ടിൽ നടക്കുന്ന വിസകന കാര്യങ്ങൾ അറിയാൻ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിൽ തന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നു എന്നു ജയശങ്കർ ചോദിച്ചു.
Discussion about this post