കീവ്: സംഘർഷം വർധിച്ചതോടെ യുക്രെയ്നിലുള്ള വിദ്യാർഥികൾ എത്രയും വേഗം അവിടം വിടണമെന്ന് ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. സർവകലാശാലകളുടെ ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ വിദ്യാർഥികൾ ഉടൻ വീട്ടിലേക്ക് മടങ്ങണമെന്ന് എംബസി നിർദേശിച്ചു.
മെഡിക്കൽ സർവകലാശാലകളുടെ ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് അറിയാൻ ഇന്ത്യൻ എംബസിയിലേക്ക് ധാരാളം വിളി എത്തുന്നുണ്ട്. ഇക്കാര്യത്തിൽ, നേരത്തെ അറിയിച്ചതുപോലെ, ഇന്ത്യൻ വിദ്യാർഥികളുടെ വിദ്യാഭ്യാസകാര്യത്തിൽ ബന്ധപ്പെട്ട അധികാരികളുമായി എംബസി നിരന്തരം ആശയവിനമയം നടത്തിവരികയാണ്. എന്നാൽ സർവകലാശാലകളിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ സുരക്ഷയെ കരുതി യുക്രെയ്ൻ വിടാൻ വിദ്യാർഥികളോട് നിർദേശിക്കുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മൂന്നാമത്തെ മുന്നറിയിപ്പാണ് എംബസി നൽകിയിരിക്കുന്നത്.
നേരത്തെ നൽകിയ മുന്നറിയിപ്പിൽ അത്യാവശ്യമില്ലാത്തവരും വിദ്യാർഥികളും ലഭ്യമായ യാത്രാ വിമാന, ചാർട്ടർ സർവീസുകൾ പ്രയോജനപ്പെടുത്തി മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികൾ ചാർട്ടർ വിമാനങ്ങളുടെ വിവരങ്ങൾക്കായി അവരവരുടെ കരാറുകാരുമായി ബന്ധപ്പെടണം. എംബസിയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളും നിരീക്ഷിക്കുക. റഷ്യ ഏതു നിമിഷവും യുക്രെയ്നെ ആക്രമിക്കുമെന്നാണ് ആശങ്ക.
Discussion about this post