പയ്യോളി: കെ എസ് ഇ ബി മേലടി ഫീഡറിലെ തർക്കങ്ങൾ ആര്?, എന്ന്? പരിഹരിക്കുമെന്ന ആശങ്കയിലാണ് വൈദ്യുതി ഉപയോക്താക്കൾ. വടകര 110 ൽ നിന്നുമെത്തുന്ന മേലടി ഫീഡർ ഒരു മാസത്തിലേറെയായി തകരാറിലായി പ്രവർത്തനരഹിതമാണ്.
കേബിൾ കത്തിയതാണ് ഫീഡർ തകരാറിലാവാനുണ്ടായ കാരണം. ഒന്നോ രണ്ടോ ദിവസത്തെ അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കാവുന്ന പ്രശ്നമാണ്, ആരാണ് പരിഹരിക്കേണ്ടതെന്ന ‘മൂപ്പിളമ’ തർക്കത്തിലൂടെ നീണ്ടുപോകുന്നത്.
മേലടി സെക്ഷനിലെ മൂരാട്, ഇരിങ്ങൽ, അയനിക്കാട് പ്രദേശങ്ങളിൽ വൈദ്യുതിയെത്തുന്നത് മേലടി ഫീഡർ വഴിയായിരുന്നു.
എന്നാൽ, ഒരു മാസം മുമ്പ് മൂരാട് പാലത്തിന് വടക്ക്, വടകര ഭാഗത്ത് കേബിൾ കത്തിയതോടെ മേലടി ഫീഡർ പ്രവർത്തന രഹിതമാവുകയായിരുന്നു. ഇതോടെ, ഇരിങ്ങൽ, മൂരാട്, അയനിക്കാട് പ്രദേശം ഇരുട്ടിലായെങ്കിലും കോട്ടക്കൽ, മണിയൂർ ഫീഡറുകളിൽ നിന്നും വൈദ്യുതിയെത്തിച്ച് പ്രശ്നത്തിന് താത്കാലിക പരിഹാരം കാണുകയായിരുന്നു.
ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ 33 കെ വി ലൈനുകൾ തകരാറിലായതോടെ മറ്റ് ഫീഡറുകൾക്കൊപ്പം മണിയൂർ, കോട്ടക്കൽ ഫീഡറുകളും പ്രവർത്തനരഹിതമായി. ഇതോടെ പ്രദേശം ഇരുട്ടിലായി.
നേരത്തേ, മേലടി സെക്ഷനിൽ മുഴുവൻ വൈദ്യുതിയെത്തിയത് വടകരയിൽ നിന്നും വരുന്ന മേലടി ഫീഡറിലൂടെയായിരുന്നു.
കീഴൂർ സബ് സ്റ്റേഷൻ വന്നതോടെ, അയനിക്കാട്, ഇരിങ്ങൽ, മൂരാട് പ്രദേശങ്ങളിലേക്ക് മാത്രമായി മേലടി ഫീഡർ ചുരുങ്ങി. മറ്റ് ഫീഡറുകളൊക്കെ പ്രവർത്തന രഹിതമായ നിലവിലുള്ള സാഹചര്യത്തിൽ, മേലടി ഫീഡറിൻ്റെ പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിൽ പയ്യോളി ടൗൺ വരെയുള്ള പ്രദേശങ്ങളെയെങ്കിലും ഇരുട്ടിൽ നിന്നുമൊഴിവാക്കാമായിരുന്നു.
Discussion about this post