ന്യൂഡൽഹി: ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും വരാനിരിക്കുന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് സ്ഥാനാർഥികളായിട്ടായിരിക്കും ഇരുവരും ജനവിധി തേടുക. പാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി ഇരുവരും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ജുലാന സീറ്റിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ബജ്റംഗ് പുനിയ ബാഡ്ലി സീറ്റിൽനിന്ന് ജനവിധി തേടിയേക്കും. വിനേഷ് ഫോഗട്ട് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒളിമ്പിക്സിന് ശേഷം പാരീസില്നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ താരത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കോൺഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നൽകിയത്.
തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ 34 സ്ഥാനാർഥികളുടെ അന്തിമ പട്ടിക കോൺഗ്രസ് തയ്യാറാക്കിയിരുന്നു. തുടർന്ന്, ബുധനാഴ്ച കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പൂർണമായും പുറത്തുവിടുമെന്ന് ഹരിയാണയുടെ ചുമതലയുള്ള ഐ.ഐ.സി.സി. അംഗം ദീപക് ബാബരിയ വ്യക്തമാക്കി. കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യസാധ്യതയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടേയും പാർട്ടിപ്രവേശം. ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാണയിൽ തിരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. ഒക്ടോബർ ഒന്നിന് നടത്താനിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി.ജെ.പി.യുടെ ആവശ്യത്തിനുപിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റുകയായിരുന്നു. ബിഷ്ണോയ് വിശ്വാസസമൂഹത്തിന്റെ ഉത്സവകാലം പരിഗണിച്ചാണ് തീയതി മാറ്റിയതെന്ന് കമ്മിഷൻ അറിയിച്ചു.
Discussion about this post