കൊച്ചി: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് ഐ ബി. അഞ്ച് വര്‍ഷം മുമ്പ് ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് നജീബ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അഫ്ഗാന്‍, ഇറാഖ്, സിറിയ മേഖലകളില്‍ പഴയ ശക്തി ചോര്‍ന്ന് ക്ഷയിച്ചിരിക്കുന്ന ഐഎസില്‍ ഇനിയും മലയാളികള്‍ അവശേഷിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നതും ചേരാന്‍ ശ്രമിച്ചവരുമായി നൂറ്റമ്പതോളം പേരുടെ ലിസ്റ്റാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുള്ളത്. ഇവരില്‍ എത്ര പേര്‍ ജയിലിലാണ് എത്ര പേര്‍ കൊല്ലപ്പെട്ടു എത്ര പേര്‍ ഇപ്പോഴും ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നു എന്നിവ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. ഐഎസില്‍ ചേര്‍ന്ന് പങ്കെടുത്ത ആക്രമണങ്ങളില്‍ പുരുഷന്‍മാരില്‍ പലരും കൊല്ലപ്പെട്ടു. ഇവരോടൊപ്പം പോയ സ്ത്രീകളും ഇവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളും തടവിലാക്കപ്പെടുകയായിരുന്നു.
അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ കാബൂളിലെ ജയിലുകളിലുണ്ടായിരുന്ന നിരവധി ഐഎസ് പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കാബൂളിലെ ഫുലെ ചര്‍കി, ബദാം ബാഗ് എന്നീ ജയിലുകളില്‍ നിന്ന് ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചെന്നും ഇതില്‍ മലയാളികളുമുണ്ടെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ലഭിച്ചിരിക്കുന്ന വിവരം.
ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണക്കു കൂട്ടുന്നു. ഇവരില്‍ മലയാളികളായ നിമിഷ ഫാത്തിമ, മെറിന്‍ ജേക്കബ്, സോണിയ സെബാസ്റ്റിയന്‍, റഫീല എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
Discussion about this post