പയ്യോളി: തലക്കെട്ട് കണ്ട് അത്ഭുതപ്പെടേണ്ട; സത്യമതാണ്. മൂരാട് ഓയിൽ മില്ലിന് സമീപം നേരിട്ട് എത്തുന്നവർക്കത് കണ്ടറിയാം. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി അശാസ്ത്രീയമായ സ്ഥലമേറ്റെടുപ്പിൻ്റെ ശേഷിപ്പാണ് സുശീലയുടെ ഈ ദുരിതം.
ദേശീയ പാതയ്ക്കായ് കുന്നിടിച്ച് നിരപ്പാക്കിയതോടെയാണ് സുശീലയും കുടുംബവും താമസിക്കുന്ന വീട് 25 മീറ്ററോളം ഉയരത്തിലായത്. ദേശീയപാതാ ജോലിക്കാർ വീട്ടിലേക്കുള്ള വഴിയും ഇല്ലാതാക്കി. ഇതോടെ വീട്ടിലേക്കും പുറത്തേക്കും പോവാനാതെ നട്ടം തിരിയുകയാണ് സുശീലയെന്ന ഈ വയോധിക.
മൂരാട് ഓയിൽ മില്ലിനു സമീപം നിന്നരുളുംകുന്നിലാണ് സുശീലയെന്ന 75 കാരി താമസിക്കുന്നത്. നേരത്തേ സ്ഥലമേറ്റെടുക്കുന്ന സമയത്ത് വീടിനോ വഴിക്കോ ബാധിക്കാത്ത രീതിയിലാണ് വികസനമുണ്ടാവുക എന്ന് എൻ എച്ച് അധികൃതർ ഉറപ്പ് നല്കിയിരുന്നത്രെ. വീട്ടിന് മുന്നിലെ കുറച്ചു ഭൂമി വിട്ടുകൊടുത്ത് നഷ്ടപരിഹാരവും ലഭിച്ചിട്ടുണ്ട്. എന്നാൽ ദേശീയപാതയുടെ ജോലി പുരോഗമിച്ചപ്പോഴാണ് വീട് പൂർണമായും അപകടത്തിലാണെന്ന് മനസ്സിലായത്. വീടിൻ്റെ തറയിൽ നിന്നും ഏതാനും സെൻ്റിമീറ്ററുകൾ മാത്രം അകലത്ത് വെച്ച് ഭൂമി തുരക്കുകയാണ്. ഇത് വീടിന് ഭീഷണിയാവുകയാണ്.
ഇന്ന് രാവിലെ മകൻ്റെ കൂടെ ആശുപത്രിയിൽ പോയി തിരിച്ചു വരുമ്പോഴേക്കും വീട്ടിലേക്കുള്ള വഴിയും ഇടിച്ചു കളഞ്ഞു. ഇടിച്ചു കളഞ്ഞയിടത്തെ ചെങ്കുത്തായ, വീതി കുറഞ്ഞ സ്ഥലത്തു കൂടെ വീട്ടിലേക്ക് എത്തിപ്പെടുന്നത് പൂർണ്ണാരോഗ്യമുള്ളവർക്ക് പോലും ശ്രമകരമാണ്. കണ്ണൊന്ന് തെറ്റിയാൽ മുപ്പതോളം മീറ്റർ താഴ്ചയിലേക്ക് പതിക്കും. ഏറെ അപകടകരം. ആശുപത്രിയിൽ നിന്നും തിരിച്ചു വന്ന സുശീലയ്ക്ക് വീട്ടിലേക്ക് തിരിച്ചുകയറാനാവാതെ റോഡിൽ നിൽക്കേണ്ടി വന്നു.
കുടുംബത്തിൻ്റെ ആവശ്യം:
ഇനി, താമസയോഗ്യമല്ലാതാവുന്ന ഭൂമിയും വീടും ഏറ്റെടുത്ത് അർഹമായ നഷ്ട പരിഹാരം വേണമെന്നതാണ്. വീടിൻ്റെ തറയിൽ നിന്നും സെൻ്റിമീറ്ററുകൾ അകലത്തിൽ കുന്ന് തുരക്കുന്നതും, മഴക്കാലത്ത് നിന്നരുളും കുന്നിൽ നിന്നുമെത്തുന്ന മഴവെള്ള കുത്തൊഴുക്കും വീടിനും താമസക്കാരുടെ ജീവനും ഭീഷണിയാണ്. അതു കൊണ്ട് ബാക്കിയുള്ളവ കൂടി ഏറ്റെടുക്കണമെന്ന ആവശ്യം, കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ വില്ലേജിൽ കുന്നുമ്മൽ സുശീലയും മകൻ സുരേഷ് ബാബുവും കലക്ടർക്ക് നൽകിയ പരാതിയിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അനുകൂല നടപടിക്ക് കാത്തിരിക്കുകയാണ്.
അതേ സമയം, ഇന്ന് രാവിലെ വീട്ടിലേക്കുള്ള വഴിയില്ലാതാക്കിയ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രവൃത്തി തടസ്സപ്പെടുത്തുകയും ചെയ്തു.
Discussion about this post