പയ്യോളി : ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങൽ സർഗ്ഗാലയ ബോട്ടുജെട്ടിക്കു സമീപം കുറ്റിയാടി പുഴയോരത്തു നടത്തിയ കർക്കിടക വാവ് ബലി തർപ്പണത്തിനായി നൂറു കണക്കിന് പേരെത്തി. കർക്കിടക വാവുദിനത്തിൽ പുലർച്ചയോടെ തന്നെ പൂർവികരുടെ സ്മരണയ്ക്കായി ഭക്തർ ബലിതർപ്പണം നടത്തി. പ്രസിസിദ്ധമായ ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുലർച്ചെ 5മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി സി.പി.ഉണ്ണി ശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി എൻ അനിൽ കുമാറിന്റെയും സെക്രട്ടറി ടി വി പദ്മാക്ഷന്റെയും നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും, മഹിള ഭക്തജന സമിതിയും ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കി. കർക്കിടക വാവു ബലി തർപ്പണം മൂന്ന് തലമുറയിലെ പൂർവ്വികർക്ക് വേണ്ടി നടത്തപ്പെടുന്നു എന്നാണ് വിശ്വാസം. ബലി തർപ്പണം നടത്തിയവർ തലേദിവസം ഒരുനേരത്തെ അരിയാഹാരം മാത്രം കഴിച്ച് വ്രതമനുഷ്ഠിച്ചിരുന്നു.
മലയാള മാസത്തിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. അതായത് ചന്ദ്രൻ്റെ മാസം. ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. കറുത്ത വാവ് പിതൃക്കളുടെ ദിവസവും. അതിനാൽ ഇതെല്ലാം ഒത്തു ചേരുന്ന ദിവസം വളരെ പ്രധാനമാണ്. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങൾക്കും ദക്ഷിണായാനം പിതൃ കാര്യങ്ങൾക്കുമാണ് എടുക്കുക. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകത്തിലേത്. ഇതെല്ലാം കൊണ്ടാണ് കർക്കടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
Discussion about this post