പയ്യോളി: ഇരിങ്ങൽ സർഗാലയ കലാ കരകൗശല ഗ്രാമത്തിൽ ആരംഭിച്ച കൈത്തറി പൈതൃകോത്സവം – സർഗാടെക്സ് -2024 ൻ്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30ന് നടക്കും. എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിക്കും. സൗത്ത് സോൺ വീവേഴ്സ് സർവീസ് സെന്റർ ഡയറക്ടർ സി മുത്തുസ്വാമി സ്റ്റേറ്റ് ഹാൻഡ്ലൂം എക്സ്പോ ഉദ്ഘാടനം ചെയ്യും. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.
ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന മികച്ച പ്രദർശന വിപണന മേള, ഹാൻഡ്ലൂം ബിസിനസ്സ് ടു ബിസിനസ്സ് മീറ്റ്, ഹാൻഡ്ലൂം ഫാഷൻ ഷോ, ‘കേരള ഹാൻഡ്ലൂം ക്വീൻ’ ഓൺലൈൻ വീഡിയോ റീൽ മത്സരം തുടങ്ങിയ വൈവിധ്യമേറിയ പരിപാടികൾ സർഗാടെക്സ് 2024 ൻ്റെ ഭാഗമായി നടക്കും.
ഭാരത സർക്കാർ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഡിസൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സ്റ്റേറ്റ് ഹാൻഡ്ലൂം എക്സ്പോ (ഹത്കർഘ മേള) സംഘടിപ്പിച്ചിട്ടുള്ളത്. ആഡംബര സിൽക്ക് സാരികൾ മുതൽ കരവിരുതിൽ തീർത്ത മനോഹരമായ എംബ്രോയിഡറി ദുപ്പട്ടകൾ വരെയുള്ള കൈത്തറി വസ്ത്രങ്ങളുടെ മാസ്മരിക ഭംഗി ആസ്വദിക്കാനും നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വാങ്ങാനുമുള്ള സൗകര്യം മേളയിലുണ്ട്.
കേരളത്തിന്റെ കൈത്തറി പൈതൃകത്തോടൊപ്പം ഇന്ത്യയിലെ 17 ൽപ്പരം സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈവിധ്യമേറിയ കൈത്തറി തുണിത്തരങ്ങളുടെ വിസ്മയം മേളയുടെ പ്രത്യേകതയായിരിക്കും. ആന്ധ്രപ്രദേശ്, ബീഹാർ, ഡൽഹി, ഹരിയാന, ജമ്മു ആൻറ് കാശ്മീർ, ജാർഖണ്ഡ്, തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, തെലങ്കാന, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൈത്തറി ഉത്പാദകർ സർഗാലയയിലെത്തിയിട്ടുണ്ട്. വെങ്കിടഗിരി, മംഗളഗിരി, ഭഗൽപുരി സിൽക്ക്, ചെട്ടിനാട്, ചന്ദേരി, മഹേശ്വരി, ബനാറസ് സിൽക്ക്, ചിക്കൻകാരി, തംഗയിൽ, ജാംദാനി, പോച്ചംപള്ളി, കലംകാരി, ഫുൾകാരി എന്നീ വിശ്വപ്രശസ്ത കൈത്തറി സാരികൾ, പഷ്മിന ഷാൾ, ബാന്ദേജ്, കാർപ്പെറ്റുകൾ തുടങ്ങിയ വൈവിധ്യമേറിയ മറ്റ് കൈത്തറി വസ്ത്രങ്ങളാൽ തയ്യാറാക്കുന്ന വിവിധങ്ങളായ ഉത്പ്പന്നങ്ങൾ മേളയിലെ ആകർഷകങ്ങളാണ്. കൂടാതെ, ഭാരത സർക്കാർ വസ്ത്ര മന്ത്രാലയം സംരംഭങ്ങളായ വീവേഴ്സ് സർവീസ് സെന്ററും, ഹാൻഡ്ലൂം എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലും ജാർഖണ്ഡ് സിൽക്ക് ടെക്സ്ടൈൽസ് ആൻഡ് ഹാൻഡിക്രാഫ്റ്റ് ഡെവലപ്പ്മെൻറ് കോർപ്പേറേഷൻ ലിമിറ്റഡും പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ കൈത്തറിയുടെ തീം പവലിയൻ, കൂടാതെ വയനാട്ടിലെ പ്രകൃതി ദുരന്ത ബാധിതരായ കരകൗശല / കൈത്തറി ഉത്പാദകർക്ക് പ്രത്യേക സ്റ്റാൾ ഒരുക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. മേളയുടെ ഭാഗമായി സർഗാലയ കഫറ്റീരിയയിൽ കേരളീയ സദ്യ, വിവിധ കേരളീയ ഭക്ഷ്യവിഭവങ്ങൾ എന്നിവ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
ബാലരാമപുരം, കൂത്താമ്പുള്ളി, പെരുവെമ്പ് എന്നീ കൈത്തറി ഗ്രാമങ്ങളിൽ നിന്നുള്ള സാരികൾ, കേരളത്തിലെ പ്രമുഖ കൈത്തറി സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും. ആദ്യമായാണ് സർഗാലയയിൽ ഹാൻഡ്ലൂം പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. മേള 14 ന് സമാപിക്കും.
Discussion about this post