
പയ്യോളി: ഇരിങ്ങൽ റെയിൽവെ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിച്ചുകൊണ്ട് തീരുമാനമായി. ദീർഘനാളത്തെ ഇരിങ്ങൽ റെയിൽവെ സ്റ്റേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനത്തിനാണ് ഇതോടെ ഫലം കണ്ടത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് വൈകീട്ട് ഇറങ്ങുമെന്നാണറിയുന്നത്.

പാസഞ്ചർ ട്രെയിനുകളുടെ ഇരിങ്ങലിലെ സ്റ്റോപ്പ് രണ്ട് വർഷവും മൂന്ന് മാസവുമായി റെയിൽവെ നിർത്തിവെച്ചിരിക്കുകയായിരുന്നു.കഴിഞ്ഞ 2020 മാർച്ച് 21 നായിരുന്നു സ്റ്റോപ്പ് എടുത്ത് മാറ്റിയത്.

ട്രെയിൻ ഹാൾട്ട് ഏജൻ്റ് വി പ്രഭാകരൻ ഏജൻസി നിർത്തുകയാണ് എന്ന് എഴുതി നൽകിയതും സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിന് തടസ്സമായി. പുതിയ ഹാൾട്ട് ഏജൻ്റ്മാരെ നിയമിക്കാത്ത റെയിൽവെയുടെ നിലപാടായിരുന്നു കാരണം. തുടർന്ന്, ഹാൾട്ട് ഏജൻ്റായി തുടരാമെന്ന് എഴുതി നൽകുകയും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുമാണ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിന് വേഗത കൂട്ടിയത്.

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, എം പി കെ മുരളീധരൻ, എം എൽ എ കാനത്തിൽ ജമീല, ബി ജെ പി നേതാവ് കൃഷണ ദാസ് എന്നിവരെ ഇരിങ്ങൽ റെയിൽവെ സ്റ്റേഷൻ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് ആവശ്യമുന്നയിച്ചിരുന്നു. തുടർന്നുണ്ടായ ശക്തമായ ഇടപെടലിലാണ് ഇരിങ്ങലിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് വകുപ്പിൽ നിന്നും തീരുമാനമുണ്ടായത്.

മൂന്ന് ട്രെയിനുകൾക്കാണ് സ്റ്റോപ്പ് എന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ വൈകുന്നേരത്തോടെ അറിയുമെന്ന് ഡെവലപ്പ്മെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



































Discussion about this post