കണ്ണൂർ: ഭക്ഷണശാലകളിൽ എത്രയെണ്ണത്തിന് ലൈസൻസുകളുണ്ട്, പഴകിയ ഭക്ഷണം വിൽക്കുന്നുണ്ടോ, ശുചിത്വം എത്രത്തോളം, നിലവാരം പാലിക്കുന്നുണ്ടോ, അടുക്കളയിലെ സ്ഥിതിയെന്താണ് തുടങ്ങി പല കാര്യങ്ങളും നേരിട്ട് അന്വേഷിക്കാൻ അധികാരമുള്ളവരാണ് ഹെൽത്ത് ഇൻസ്പക്ടർമാർ. എന്നാൽ അന്വേഷണം നടത്താൻ ഇവർക്ക് ഇനിമുതൽ പ്രത്യേക നിർദേശം ലഭിക്കണം.
പുതിയ പൊതുജനാരോഗ്യ സുരക്ഷാ ഓർഡിൻസ് വന്നതോടെ ഒന്നിനും നേരിട്ട് അധികാരമില്ലാത്ത സ്ഥിതിയിലാണ് ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് സൂപ്പർവൈസർമാരും. സംസ്ഥാനത്തുടനീളം ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പൽ, ശുചിത്വമില്ലായ്മ തുടങ്ങി വ്യാപക പരാതികളുയരുമ്പോഴാണ് ഈ സ്ഥിതി.
പ്രോസിക്യൂഷൻ അധികാരമുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് പുതിയ ഓർഡിനൻസ് വന്നതോടെ ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുക മാത്രമായി മാറിയിരിക്കുകയാണ് ഇവരുടെ ജോലി.
പുതിയ നിയമം നടപ്പാക്കേണ്ടതിനെക്കുറിച്ച് ആരോഗ്യവകുപ്പിൽ തീവ്രപരിശീലനവും ക്ലാസുകളും പൂർത്തിയായെങ്കിലും ജില്ലാ പബ്ലിക് ഹെൽത്ത് അഥോറിറ്റിയുടെ പരിധിയടക്കം സംബന്ധിച്ച ആശയക്കുഴപ്പം മാറിവരുന്നതേയുള്ളൂ. നിലവിലുണ്ടായിരുന്ന തിരുവിതാംകൂർ-കൊച്ചിൻ പബ്ലിക് ഹെൽത്ത് നിയമം, മദ്രാസ് പൊതുജനാരോഗ്യ നിയമം എന്നിവ സംയോജിപ്പിച്ചു പുതിയ സാഹചര്യത്തിനു ചേർന്ന രീതിയിലാണ് കേരള പൊതുജനാരോഗ്യ ഓർഡിൻസ് 2022 കഴിഞ്ഞ ദിവസം നിലവിൽവന്നത്.
Discussion about this post