ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിദിന കൊവിഡ് ഗ്രാഫ് വീണ്ടും കുത്തനെ ഉയർന്നു. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത് 2.86 ലക്ഷം കൊവിഡ് കേസുകളാണ്. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് മൂന്ന് ലക്ഷത്തിന് താഴെ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തു.
മൊത്തം രോഗികളുടെ എണ്ണത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം 5.46 ശതമാനമാണ്. ദേശീയ തലത്തിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് 93.33 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.10 ശതമാനത്തിൽ നിന്ന് 19.59 ശതമാനമായി ഉയർന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.75 ശതമാനമാണ്.
കേരളത്തിൽ 49,771 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 57,74, 857 ആയി. 34,439 പേർ രോഗമുക്തി നേടിയപ്പോൾ 63 കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. 3,00,556 പേർ നിലവിൽ ചികിത്സയിലുണ്ട്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ്. സി കാറ്റഗറിയിൽ ഉൾപ്പെടുന്ന തിരുവനന്തപുരത്ത് സിൻഡ്രോമിക് മാനേജ്‌മെന്റ് നടപ്പിലാക്കി തുടങ്ങി. പരിശോധനയ്ക്ക് വിധേയരാകുന്നവരിൽ രണ്ടിലൊരാൾക്ക് കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. രോഗലക്ഷണമുള്ളവർ പരിശോധന കൂടാതെ തന്നെ രോഗിയായി കണക്കാക്കി ക്വാറന്റൈനിലേയ്ക്ക് കടക്കുന്നതാണ് സിൻഡ്രോമിക് മാനേജ്‌മെന്റ്. ഇത്തരക്കാർ പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കണമെന്നില്ല.
അതേസമയം ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ 163.84 കോടി ഡോസ് കവിഞ്ഞു. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 72 ശതമാനമെങ്കിലും പൂർണമായും വാക്സിൻ സ്വീകരിച്ചതായാണ് നിഗമനം. 15 മുതൽ 18 വരെ പ്രായമുള്ളരിൽ 52 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
Discussion about this post