ന്യൂഡൽഹി: റഷ്യന്‍ ആക്രമണ സാഹചര്യത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ രംഗത്ത്. ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുവരാന്‍ നാളെ പുലര്‍ച്ചെ രണ്ട് വിമാനങ്ങള്‍ പുറപ്പെടും എന്നാണ് റിപ്പോർട്ടുകൾ. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു.
ഇതിനു നേതൃത്വം നൽകുന്ന ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. അവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന്‍ തീരുമാനം. ഇതിനു വേണ്ടി റൊമേനിയന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. റൊമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍ നിന്നാകും വിമാനങ്ങള്‍ രക്ഷാ ദൗത്യം നടത്തുക. ചില ഇന്ത്യക്കാര്‍ ഇതിനോടകം കീവിലെ ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടിയിട്ടുണ്ട്. ഇന്ത്യന്‍ എംബസ്സി സ്ഥിതി ചെയ്യുന്ന പ്രദേശത്തും കനത്ത ആക്രമണമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ, എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തി. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റോമേനിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും ജയശങ്കർ ഫോണിൽ വിളിച്ചു. രക്ഷാദൗത്യത്തിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഈ രാജ്യങ്ങളിലൽ എത്തിയിട്ടുണ്ട്.
Discussion about this post