ഇന്ത്യൻ ആർമിയുടെ കീഴിലുള്ള ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) വകുപ്പിലെ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കുമാണ് അവസരമെന്ന് ഇന്ത്യൻ ആർമി ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.
joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. ജനുവരി 19 ന് ആരംഭിച്ച രജിസ്ട്രേഷൻ ഫെബ്രുവരി 17ന് വൈകുന്നേരം 3 മണി വരെ തുടരുന്നതാണ്. ഇന്ത്യൻ ആർമിയുടെ വിജ്ഞാപനം അനുസരിച്ച് സേവനത്തിന്റെ ആകെ കാലാവധി 14 വർഷമായിരിക്കും. ഇതിന്റെ പ്രാരംഭ കാലയളവ് 10 വർഷമാണ്.
മികവിന്റെ അടിസ്ഥാനത്തിൽ തുടർന്ന് കാലാവധി നാല് വർഷം വരെ നീട്ടാം. മൊത്തം കാലയളവിൽ ആദ്യത്തെ ആറ് മാസം പ്രൊബേഷൻ സമയമായാണ് കണക്കാക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സേവന കാലാവധി ആരംഭിക്കുന്നതിനു മുൻപ് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ആറ് മാസത്തെ പരിശീലനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ കുറഞ്ഞത് 55 ശതമാനം മാർക്കോടെ എൽഎൽബി ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ 12-ാം ക്ലാസിന് ശേഷം ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച കോളേജ്/യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഞ്ച് വർഷത്തെ നിയമ ബിരുദം നേടിയിരിക്കണം. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യയിലോ സംസ്ഥാന തലത്തിലോ അഭിഭാഷകനായി രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി: അപേക്ഷകർ 21-നും 27-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 2022 ജൂലൈ 1-ന് 27 വയസ് കവിയരുത്.
അപേക്ഷിക്കേണ്ട വിധം
🟪ഘട്ടം 1. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ joinindianarmy.nic.in തുറക്കുക
🟪ഘട്ടം 2. ഹോംപേജിൽ കാണുന്ന റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
🟪ഘട്ടം 3. രജിസ്റ്റർ ചെയ്യുക
🟪ഘട്ടം 4. വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യുക
🟪ഘട്ടം 5. അപേക്ഷാ ഫീസ് അടയ്ക്കുക
🟪ഘട്ടം 6. തിരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിലേക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
തെരഞ്ഞെടുപ്പ് –
അപേക്ഷകൾ നൽകിയിട്ടുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയിൽ വഴി അറിയിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഇന്ത്യൻ ആർമി അനുവദിച്ചിട്ടുള്ള സെലക്ഷൻ സെന്ററുകളിൽ എത്തി സർവീസ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) നടത്തുന്ന പരീക്ഷയ്ക്ക് ഹാജരാകണം.ആകെ രണ്ട് ഘട്ടങ്ങളായാണ് എസ്എസ്ബി പരീക്ഷ നടത്തുന്നത്. ഇതിനുശേഷം അഭിമുഖത്തിനായി അഞ്ച് ദിവസം അനുവദിക്കും. അഭിമുഖത്തിന് ശേഷം ഉദ്യോഗാർത്ഥികൾക്കായുള്ള അവസാന ഘട്ട മെഡിക്കൽ പരിശോധന നടക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഫ്റ്റനന്റ് തസ്തികയിൽ 56,100 രൂപ മുതൽ 1,77,500 രൂപ വരെയും ക്യാപ്റ്റൻ തസ്തികയിൽ 61,300 രൂപ മുതൽ 1,93,900 രൂപ വരെയും മേജർ തസ്തികയിൽ 69,400 രൂപ മുതൽ 2,07,200 രൂപ വരെയും ലഫ്റ്റനന്റ് കേണൽ തസ്തികയിൽ 1,21,200 രൂപ മുതൽ 2,12,400 രൂപ വരെയും കേണൽ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,30,600-2,15,900 രൂപയും ബ്രിഗേഡിയർ തസ്തികയിൽ 1,39,600-2,17,600 രൂപയും മേജർ ബ്രിഗേഡിയർ തസ്തികയിൽ 1,44,200-2,18,200 രൂപയും ശമ്പളമായി ലഭിക്കും.
Discussion about this post