ന്യൂഡൽഹി: ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിലെ കോളേജുകളിൽ നടക്കുന്ന വിവാദങ്ങളിൽ മറ്റു രാജ്യങ്ങളുടെ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ഇന്ത്യയെ നന്നായി അറിയുന്നവർക്ക് യാഥാർത്ഥ്യങ്ങളെ ശരിയായ രീതിയിൽ മനസിലാക്കാൻ കഴിയുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
‘കർണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ ബഹുമാനപ്പെട്ട കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളിൽ നിന്ന് കൊണ്ടാണ് വിഷയങ്ങൾ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വച്ചുള്ള പ്രതികരണങ്ങൾ സ്വാഗതാർഹമല്ല.” ബാഗ്ചി പറഞ്ഞു.
കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡിനെക്കുറിച്ച് ചില രാജ്യങ്ങൾ നടത്തുന്ന അഭിപ്രായങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പാഴായിരുന്നു ബാഗ്ചിയുടെ പ്രതികരണം. സ്കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് യു എസ് അംബാസിഡർ റഷാദ് ഹുസൈൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
മുസ്ലീം പെൺകുട്ടികളെ തീവ്രവാദികളായി മുദ്രകുത്തുകയാണെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കം ലോകം തിരിച്ചറിയണമെന്നും പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറൈഷിയും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
Discussion about this post