ഇൻഡോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് 49 റൺസിന്റെ തോൽവി. മൂന്ന് മത്സര പരന്പര 2-1 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി.
സ്കോർ:
ദക്ഷിണാഫ്രിക്ക 227/3(20)
ഇന്ത്യ 178/10 (18.3)
228 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമയെ രണ്ടാം പന്തിൽത്തന്നെ നഷ്ടമായി. ഒരു റണ്ണെടുത്ത ശ്രേയസ് അയ്യരും 27 റൺസ് നേടിയ ഋഷഭ് പന്തും മടങ്ങിയതോടെ ഇന്ത്യയുടെ സ്കോറിംഗ് പതിഞ്ഞ താളത്തിലായി. 21 പന്തിൽ നാല് വീതം ഫോറും സിക്സും നേടി 46 റൺസെടുത്ത ദിനേഷ് കാർത്തിക്കാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് എട്ട് റൺസിന് പുറത്തായപ്പോൾ ദീപക് ചാഹർ വാലറ്റത്ത് 31 റൺസ്
നേടി. പ്രോട്ടിയസിനായി ഡ്വെയ്ൻ പ്രിട്ടോറിയസ് 26 റൺസ് വഴങ്ങി 3.3 ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വെയൻ പാർണൽ, ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ റൈലീ റൂസോയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക 228 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയത്. ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച നായകൻ രോഹിത് ശർമയുടെ തീരുമാനം ശരിയാണെന്ന് തോന്നിപ്പിക്കു
ന്ന രീതിയിൽ തെംബ ബവൂമയെ ഉമേഷ് യാദവ് നാലാം ഓവറിൽ പുറത്താക്കി. എന്നാൽ ക്വിന്റൻ ഡിക്കോക്കിനൊടൊപ്പം ചേർന്ന് റൂസോ നടത്തിയ തകർപ്പൻ പ്രകടനം പ്രോട്ടിയസിനെ മികച്ച സ്കോറിലെത്തിച്ചു. ഡിക്കോക്ക് 43 പന്തിൽ 68 റൺസെടുത്തു. കന്നി ട്വന്റി-20 സെഞ്ചുറി നേടിയ റൂസോ 48 പന്തിൽ 100 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒരു വിക്കറ്റ് നേടിയ ദീപക് ചാഹർ നാലോവറിൽ 48 റൺസ് വഴങ്ങിയപ്പോൾ 49 റൺസ് വിട്ടുകൊടുത്ത ഹർഷൽ പട്ടേലിന് വിക്കറ്റൊന്നും നേടാനായില്ല. ഉമേഷ് യാദവ് മൂന്നോവറിൽ 34 റൺസ് നേടി ഒരു വിക്കറ്റ് നേടി.
Discussion about this post