പാരിസ്: ഒളിമ്പിക്സ് ഹോക്കിയിൽ 52 വർഷത്തിനു ശേഷം കരുത്തരായ ആസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്. 3-2നാണ് ഇന്ത്യയുടെ ജയം. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ടഗോളിനു പുറമേ, അഭിഷേകും ഇന്ത്യക്കായി ലക്ഷ്യം കണ്ടു. ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ തകർപ്പൻ സേവുകളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഓസീസിന്റെ ആശ്വാസ ഗോളുകൾ രണ്ടാം ക്വാർട്ടറിൽ തോമസ് ക്രെയ്ഗും അവസാന ക്വാർട്ടറിൽ ബ്ലേക് ഗോവേഴ്സും നേടി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ലോക റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരായ ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരാണ് ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും നേടി ക്വാർട്ടർ ഉറപ്പിച്ചിരുന്ന ഇന്ത്യക്ക്, ഈ ജയത്തോടെ താരതമ്യേന ദുർബലരായ എതിരാളികളെ ലഭിക്കും.
ആദ്യ മത്സരത്തിൽ 3–2ന് ന്യൂസീലൻഡിനെ വീഴ്ത്തിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ അർജന്റീനയോട് 1–1ന് സമനില പിടിച്ചു. അടുത്ത മത്സരത്തിൽ അയർലൻഡിനെ 2–0ന് തോൽപ്പിച്ചതോടെ ക്വാർട്ടർ ഉറപ്പിച്ചു. ഒന്നാം റാങ്കുകാരും നിലവിലെ ചാംപ്യൻമാരുമായ ബൽജിയത്തോടു മാത്രമാണ് ഇന്ത്യ തോറ്റത്. അവർക്കെതിരെ 1–0ന്റെ ലീഡ് നേടിയ ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
Discussion about this post