ന്യൂഡൽഹി: ആശ്വാസമേകി രാജ്യത്ത് കൊവിഡ് ആക്റ്റിവ് കേസുകൾ വീണ്ടും കുറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം അവസാന ദിവസം പുതുതായി സ്ഥിരീകരിച്ചത് 2,09,918 കേസുകളാണ്. ഇന്നലെ ഇത് 2.34 ലക്ഷമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ആക്റ്റിവ് കേസുകളും കുറയുന്ന ട്രെൻഡിലാണ്. അവസാന ദിവസം 53,669 കേസുകളുടെ അറ്റ കുറവാണ് സജീവ കേസുകളിൽ ഉണ്ടായത്. 18.31 ലക്ഷം പേരാണ് രാജ്യത്ത് ഇപ്പോൾ രോഗബാധിതരായുള്ളത്.
അതേസമയം, 959 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 4,95,050 ആയി. മരണനിരക്ക് 1.20 ശതമാനമാണ്. റിക്കവറി നിരക്ക് 94.37 ശതമാനം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനവും പ്രതിവാര നിരക്ക് 15.75 ശതമാനവും. ഇതുവരെ രാജ്യത്തു വൈറസ് ബാധിച്ചവർ 4.13 കോടിയിലേറെയാണ്. ഇതിൽ 3.89 കോടിയിലേറെ പേരും രോഗമുക്തരായി. ഇതുവരെ 166.03 കോടി വാക്സിൻ ഡോസുകൾ രാജ്യത്തു വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം.
അമ്പതിനായിരത്തിലേറെ കേസുകളുമായി പ്രതിദിന രോഗബാധയിൽ കേരളം തന്നെയാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ പുതിയ രോഗബാധിതർ 30,000ൽ താഴെയായി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച കർണാടകയിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ ഇല്ല. ബംഗളൂരുവിൽ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കും. എന്നാൽ, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്നു വരുന്നവർക്ക് ആർടി- പിസിആർ ടെസ്റ്റ് നിർബന്ധമായി തുടരും.
സ്കൂളിൽ ഏതെങ്കിലും ഒരു കുട്ടി പോസിറ്റീവായാൽ ആ ക്ലാസ് അടച്ചിടും. ക്ലാസിലെ എല്ലാ കുട്ടികളെയും പരിശോധിക്കും. എന്നാൽ, സ്കൂൾ അടയ്ക്കില്ല. ബാറുകൾ, പബുകൾ, റസ്റ്ററന്റുകൾ എന്നിവ മുഴുവനായി തുറക്കാം. എന്നാൽ, സിനിമാ ഹാളുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, സ്റ്റേഡിയങ്ങൾ എന്നിവയ്ക്ക് 50 ശതമാനം പേരെ ഉൾക്കൊള്ളാനേ അനുവാദമുള്ളൂ.
വിവാഹങ്ങളിൽ തുറന്ന സ്ഥലത്ത് 300 പേർക്കു പങ്കെടുക്കാം. അടച്ചിട്ട ഹാളുകളിൽ 200 പേർക്കാണു പ്രവേശനം. ഓഫിസുകളിൽ 100 ശതമാനം ജീവനക്കാർക്കും എത്താം. ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും മരണസംഖ്യയും തീരെ കുറവാണെന്നതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചത്. രണ്ടു ശതമാനത്തിൽ താഴെ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ആശുപത്രികളിലെത്തുന്നത്.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും 22,000 വീതം പുതിയ രോഗബാധിതരെയാണ് അവസാന ദിവസം കണ്ടെത്തിയത്. ആന്ധ്രയിലും രാജസ്ഥാനിലും പ്രതിദിന രോഗബാധ പതിനായിരത്തിൽ. ഗുജറാത്തിൽ 9,395 കേസുകളും ഉത്തർപ്രദേശിൽ 8,078 കേസുകളും പുതുതായി കണ്ടെത്തി. ഡൽഹിയിൽ പ്രതിദിന കേസുകൾ നാലായിരത്തിൽ താഴെയായിട്ടുണ്ട്.
Discussion about this post