ന്യൂഡല്‍ഹി: ജനുവരി 18 ന് അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സേന ചൈനീസ് സേനയുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് ഭാഗത്ത് കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലക്കാരനായ മിറാം തരോണിനെ കണ്ടെത്തിയ വിവരം ചൈന കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേനയെ അറിയിച്ചിരുന്നു. മിറാമിന്റെ കൈമാറ്റത്തിനുള്ള സ്ഥലവും സമയവും വൈകാതെ നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.
മിറാം തരോണിനെ വനത്തില്‍ വേട്ടയ്ക്ക് പോയ മിറാമിനെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്. എന്നാല്‍ യുവാവിനെ വനത്തിനുള്ളില്‍ കാണാതായതാണെന്ന് പിന്നീട് വ്യക്തമായി. യുവാവിനെ കണ്ടെത്താന്‍ ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് യുവാവിനെ കണ്ടെത്തിയതെന്ന് ചൈനീസ് സേന ഇന്ത്യയെ അറിയിച്ചത്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന സ്ഥലത്തുവെച്ച് മിറാമിനെ ചൈന ഇന്ത്യയ്ക്ക് കൈമാറും.
Discussion about this post