ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ബംഗ്ലാ വനിതകള്‍ ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മികച്ച ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 35 പന്തില്‍ ആറ് ഫോറും രണ്ട് സിക്സുകളും ഉള്‍പ്പെടെ 54 റണ്‍സ് നേടി ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നു. ബൗളിംഗില്‍ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം മിന്നുമണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഷെഫാലി വര്‍മയെ ഇന്ത്യക്ക് നഷ്ടമായി. ഷെഫാലിയെ മറൂഫ അക്തറാണ് കൂടാരം കയറ്റിയത്. നാലാം ഓവറിലെ അവസാന പന്തില്‍ ജെമീമ റോഡ്രിഗസ് ബൗള്‍ഡായി. 14 പന്തില്‍ 11 റണ്‍സായിരുന്നു ജെമീമയുടെ സമ്പാദ്യം. പിന്നാലെ ഓപ്പണര്‍ സ്മൃതി മന്ദാന 34 പന്തില്‍ 38 റണ്‍സ് നേടി പുറത്തായി. പിന്നീട് ക്രീസിലൊരുമിച്ച ഹര്‍മന്‍പ്രീതും യാസ്തിക ഭാട്യയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 12 പന്തില്‍ ഒന്‍പത് റണ്‍സാണ് യാസ്തിക നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ വനിതകളെ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കൂട്ടുകയായിരുന്നു. 28 പന്തില്‍ 28 റണ്‍സ് നേടിയ ഷോര്‍ന അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മത്സരം കളിക്കുന്ന മലയാളി താരം മിന്നുമണി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. 13 പന്തില്‍ 17 റണ്‍സ് നേടിയ ഷമീമ സുല്‍ത്താനയെയാണ് മിന്നു ബംഗ്ലാദേശ് പാളയത്തിലേക്ക് തിരിച്ചയച്ചത്. മൂന്ന് ഓവറില്‍ വെറും 21 റണ്‍സ് വിട്ടുകൊടുത്താണ് മിന്നു മണി ഒരു വിക്കറ്റ് നേടിയത്.
ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന രണ്ട് റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തി. 26 പന്തില്‍ 22 റണ്‍സ് നേടിയ ഷാത്തി റാനി, 33 പന്തില്‍ 23 റണ്‍സ് നേടിയ ശോഭന മോസ്തരി, 13 പന്തില്‍ 11 റണ്‍സ് നേടിയ റിതു മോനി എന്നിവരും രണ്ടക്കം കടന്നു. മിന്നുവിന് പുറമെ ഷഫാലി വര്‍മ്മ, പൂജ വസ്ത്രകര്‍ എന്നിവരും ഇന്ത്യക്കായി വിക്കറ്റുകള്‍ നേടി. രണ്ട് ബംഗ്ലാ താരങ്ങള്‍ റണ്ണൗട്ടായി.
Discussion about this post