ഇരിങ്ങൽ കോട്ടക്കൽ: അനാവശ്യ നിയമ നിർമാണങ്ങളിലൂടെ
രാജ്യത്തെ ബഹുസ്വരത തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് പാണക്കാട് സയ്യിദ്
സാദിഖലി ശിഹാബ് തങ്ങൾ. സൗഹൃദപരമായ അന്തരീക്ഷത്തിൽ സമാധാനപരമായി മുന്നോട്ടുപോയാൽ മാത്രമേ പള്ളികളും മദ്രസകളും നിർമ്മിക്കാൻ കഴിയുകയുള്ളുവെന്നും, ആ സമാധാന അന്തരീക്ഷമാണ് മുൻഗാമികളായ ബാഫഖി തങ്ങളും ശംസുൽ ഉലമയും നമുക്ക് കാണിച്ചു തന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങൽ കോട്ടക്കൽ അങ്ങാടി പള്ളി പുനർ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തിൽ സൗഹൃദങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ബഹുസ്വര സംസ്കാരം തകർക്കുന്നതിനു വേണ്ടി പ്രത്യേക സമുദായത്തിനെതിരെ ബില്ലുകൾ കൊണ്ടുവന്ന് ജനങ്ങൾക്കിടയിൽ ഭിന്നതയും വിഭജനവും ഉണ്ടാക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്നും പക്ഷേ, രാജ്യത്തെ ബഹുസ്വരതയുടെ കെട്ടുറപ്പ് ഏത് ദുശ്ശക്തികൾ വിചാരിച്ചാലും തകർക്കാൻ കഴിയുന്ന ഒന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളി നിർമ്മാണത്തിനുള്ള ഫണ്ട് സി കെ വി യൂസഫിൽ നിന്നും, പള്ളിയുടെ പ്ലാൻ മഹല്ല് ജമാഅത്ത് ഏരിയ സെക്രട്ടറി ഡി എ ഫസലിൽ നിന്നും തങ്ങൾ ഏറ്റുവാങ്ങി. എച്ച് എസ് മദ്രസ വിദ്യാർഥിനിയായ ഫാത്തിമ റിദ വരച്ച കാലിഗ്രാഫ് തങ്ങൾക്ക് സമർപ്പിച്ചു. മദ്രസ വിദ്യാർഥികൾക്കിടയിൽ റമളാനിൽ ഒരുമാസക്കാലം മതാനുഷ്ടാന കർമ വിഷയത്തിൽ നടത്തിയ മത്സരത്തിൽ വിജയിയായ 5-ാം ക്ലാസിലെ ആയിശ സെൽനയ്ക്ക് സൈക്കിൾ സമ്മാനിച്ചു.
പി ഹാഷിം അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ ‘വഖഫ്
നിയമ നിർമാണത്തിലെ കാണാപുറങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
സി പി സദക്കത്തുള്ള, ഖത്തീബ് മുഹമ്മദ് നസീർ അസ്ഹരി, പി പി മമ്മു, പി കുഞ്ഞാമു, എം എ അബ്ദുള്ള, സി ടി അബ്ദുറഹ്മാൻ, സി പി ശംസുദ്ധീൻ, പി ടി മൊയ്ദീൻ, കെ നൗഫൽ, അഷറഫ് കന്തിലാട്ട്, വി ടി ഹാഷിം, പി കെ മുഹമ്മദ് റിയാസ്, കളത്തിൽ മുസ്തഫ, വി ടി റഹീം പ്രസംഗിച്ചു. ഹാഫിള് ഷിഫാൻ ഖിറാഅത്ത് നടത്തി. അഡ്വ. പി സി ജവാദ് സ്വാഗതവും
ബി എം ശംസുദ്ധീൻ നന്ദിയും പറഞ്ഞു.
Discussion about this post