വടകര: കിടക്കപ്പായയിൽ മൂത്രമൊഴിക്കാതിരിക്കാൻ, സഹപാഠിയായ രാധാമണിക്ക് ആനവാൽ നൽകുന്നതിനായി കഥാകാരൻ നടത്തുന്ന ഗംഭീരമായ പ്രയത്നത്തിൻ്റെ കഥ പറയുന്ന, വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചെറുകഥ ‘ആനപ്പൂട’ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വചിത്രത്തിന് ഒന്നാം സ്ഥാനം.
വടകര വിദ്യാഭ്യാസ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി യു പി സ്കൂൾ വിദ്യാർഥികൾക്കായി ബഷീർ കൃതികളെ ആസ്പദമാക്കി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിലാണ് ഇരിങ്ങൽ താഴെകളരി യു പി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ബഷീറിൻ്റെ ‘ആനപ്പൂട’ എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഭരത് ബോബൻ, സൗപർണിക, ഷഹബാസ്, ഖദീജ സാക്കിയ, മുഹമ്മദ് സിനാൻ, ഹാരിസ് എന്നി വിദ്യാർത്ഥികളാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഹമ്മദ് റാനിഷ്, സാത്മിക എന്നിവരാണ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്. നാസർ തിരക്കഥയും അനുവിന്ദ് എഡിറ്റിംഗും ക്യാമറയും നിർവഹിച്ചു.
Discussion about this post