തുറയൂർ: കനത്ത മഴയിൽ തുറയൂരിലെ പ്രധാന ഗ്രാമീണ റോഡുകളിലൊന്നായ ചിറക്കര റോഡ് വെള്ളത്തിൽ മുങ്ങി. സ്വകാര്യ വ്യക്തി ചതുപ്പുനിലം മണ്ണിട്ട് നികത്തിയത് കാരണം നീർച്ചാൽ തടസ്സപ്പെട്ടതും, ഭാഗികമായി നിർമിച്ച ഡ്രെയ്നേജുമാണ് റോഡിൽ വെള്ളം കയറാൻ ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
മഴ ശക്തമാവുമ്പോൾ കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ പ്രളയകാലത്തിന് സമാനമായ രീതിയിലാണ് ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത്. അല്പസമയം മഴ പെയ്യുമ്പോഴേക്കും ഒഴുകിപ്പോവാൻ കഴിയാതെ മുന്നൂറോളം മീറ്റർ ദൂരത്തിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. വെള്ളക്കെട്ട് സമീപത്തെ കിണർ ജലം മലിനമാക്കിയതായും പരാതിയുണ്ട്.
അധികൃതർക്ക് നൽകിയ പരാതികൾക്ക് ഇതുവരെ പരിഹാരമാകാത്തത് ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതുവഴി വിവിധ വിദ്യാലയങ്ങളിലേക്കും മറ്റാറാവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന പിഞ്ചു കുട്ടികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
തുറയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ചിറക്കര റോഡിലാണ് വെള്ളം കെട്ടിക്കിടന്ന് വാഹനങ്ങൾക്കും കാൽനടയാത്രികർക്കും പ്രയാസമുണ്ടാക്കുന്നത്. വാഹനങ്ങളിൽ വെള്ളം കയറി നിന്നു പോകുന്നതും സൈക്കിളുകളും ഇരുചക്ര മോട്ടോർ വാഹനങ്ങളും കുഴികളിലും, ഇളകിക്കിടക്കുന്ന കല്ലുകളിലും തട്ടി വീണുണ്ടാകുന്ന അപകടങ്ങൾ പതിവാകുകയാണ്.
റോഡിലൂടെ വാഹനങ്ങൾ പോവുമ്പോഴും, കനത്ത മഴ പെയ്യുമ്പോഴും റോഡിലെ വെള്ളം സമീപമുള്ള വീടുകളിലേക്ക് ഇരച്ചുകയറുകയും ചെയ്യുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് ദുർഗന്ധം വമിക്കുന്നതിനും കാരണമാവുകയാണ്.
നിരവധി ലോഡ് മണ്ണിറക്കി സ്വകാര്യ വ്യക്തി സ്ഥലം നികത്തുന്ന സമയത്ത് നീർച്ചാലിന് തടസ്സമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരിൽ ചിലർ രേഖാമൂലം പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് പറയുന്നു. ഇപ്പോൾ, അങ്ങിനെയൊരു പരാതി നിലവിലില്ലെന്നാണത്രേ വിവരാവകാശത്തിന് ലഭിച്ച മറുപടി.
വില്ലേജ് ഓഫീസർ, ഗ്രാമ പഞ്ചായത്ത്, തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്നും നാട്ടുകാർ പറയുന്നു.
നിലവിൽ മണ്ണിട്ട് അടഞ്ഞുപോയ നീർച്ചാൽ പുന:സ്ഥാപിച്ചാൽ, മുമ്പെന്നത് പോലെ റോഡിലും മറ്റും വെള്ളം കെട്ടിക്കിടക്കാതെ അകലാപുഴയിലെ പടന്നയിൽ കടവ് ഭാഗത്ത് ഈ വെള്ളം എത്തിച്ചേരും.
Discussion about this post