‘ഫേസ്ബുക്ക് അൽഗോരിതം മാറ്റിയിരിക്കുന്നു. നിങ്ങൾക്കിനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവരുടെ പോസ്റ്റുകൾ കാണാനും കൂടുതൽ പേരിലേക്ക് പോസ്റ്റുകൾ എത്താനും നിങ്ങൾ ഈ പോസ്റ്റ് ലൈക്ക് ചെയ്ത് കമന്റോ കുത്തോ ഇടുക’-
ഒരുപാട് പേർ തങ്ങളുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ ഇത്തരം സന്ദേശം ഷെയർ ചെയ്യുന്നു. എന്റെ പോസ്റ്റ് ഇനി ആരും കണ്ടില്ലെങ്കിലോ എന്ന് കരുതിയാണ് പലരും ഇത് ഷെയർ ചെയ്യുന്നതത്രെ… ഇതിന് പിന്നിലെ വാസ്തവം എന്താണ്…?
2017ലാണ് ഈ കോപ്പി പേസ്റ്റ് വാക്കുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ഡിസംബറിൽ അമേരിക്കയിൽ പ്രചരിച്ച പോസ്റ്റിന്റെ പരിഭാഷയാണ് വര്‍ഷങ്ങളായി ഇവിടെ പ്രചരിക്കുന്നത്.
ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതുകൊണ്ടോ കുത്തിട്ടതുകൊണ്ടോ ആരുടെയും ഫേസ് ബുക്ക് റീച്ച് കൂടില്ലെന്ന് ഫേസ് ബുക്ക് വക്താവിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു- “ഇതില്‍ ഒരു വാസ്തവവുമില്ല. ഓരോ പോസ്റ്റും നിങ്ങളെ സംബന്ധിച്ച് എത്രമാത്രം പ്രസക്തമാണ്
എന്നതിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് ഫീഡിനെ ഞങ്ങള്‍ റാങ്ക് ചെയ്യുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കൂടുതലായി കാണാന്‍ കഴിയുന്ന വിധത്തില്‍ ചില അപ്ഡേറ്റുകള് വരുത്തിയിട്ടുണ്ടെങ്കിലും 25 പേരുടെ മാത്രം എന്ന് പരിമിതപ്പെടുത്തിയിട്ടില്ല”. അതേസമയം ഫേസ് ബുക്കില്‍ നമ്മുടെ സൌഹൃദ പട്ടികയിലുള്ള എല്ലാവരുടെയും എല്ലാ
പോസ്റ്റുകളും നമുക്ക് കാണാന്‍ കഴിയാറില്ല എന്നതും വാസ്തവമാണ്. നമ്മള് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫേസ് ബുക്ക് കരുതുന്ന പോസ്റ്റുകളാണ് ഫീഡില്‍ വരുന്നത്. ഇത് ഫേസ് ബുക്ക് തീരുമാനിക്കുന്നത് എഫ്.ബിയിലെ നമ്മുടെ ആക്റ്റിവിറ്റിയുടെ അടിസ്ഥാനത്തിലാണ്. ഒരു വ്യക്തിയുടെ പോസ്റ്റുകളിൽ സ്ഥിരമായി കമന്റ് ചെയ്യുക, കമന്റുകൾക്ക് മറുപടി നൽകുക, വ്യക്തിയുടെ പ്രൊഫൈൽ തേടിപ്പിടിച്ച് പോയി കമന്റ് ചെയ്യുക, മെസഞ്ചറിൽ ചാറ്റ് ചെയ്യുക,
പോസ്റ്റുകളിലും കമന്റുകളിലും മെൻഷൻ ചെയ്യുക എന്നിവയൊക്കെ ചെയ്താൽ പ്രസ്തുത വ്യക്തിയുമായി നിങ്ങളുടെ ഇന്ററാക്ഷൻ മെട്രിക്സ് കൂടുകയും അയാളുടെ പോസ്റ്റുകൾക്ക് ന്യൂസ് ഫീഡിൽ മുൻഗണന ലഭിക്കുകയും ചെയ്യുന്നു. അതായത് ഒരു പോസ്റ്റിലെ വെറുമൊരു കുത്തുകൊണ്ട് കാര്യമില്ല, സ്ഥിരമായ കൊടുക്കല്‍ വാങ്ങലുകള്‍ വേണമെന്ന് ചുരുക്കം.
Discussion about this post