റാഞ്ചി: ഐ എ എസ് ഉദ്യോഗസ്ഥയുടെയും സഹായികളുടെയും വീടുകളിൽ നിന്നും കോടികൾ കണ്ടെടുത്തു. ജാർഖണ്ഡ് മൈനിംഗ് സെക്രട്ടറി പൂജ സിംഗാളിന്റെയും സഹായികളുടെയും ഉൾപ്പെടെ വീടുകളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിലാണ് 19 കോടിയിലധികം രൂപ പിടിച്ചെടുത്തത്.
എം ജി എൻ ആർ ഇ ജി എ (മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയിമെന്റ് ആക്‌ട് ) പദ്ധതിയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച റെയ്‌ഡിന്റെ ഭാഗമായി പൂജ സിംഗാളിന്‍റെ വസതിയിലും ഔദ്യോഗിക സ്ഥലങ്ങളിലും ചില വ്യക്തികളെ കേന്ദ്രീകരിച്ചും ഇഡി പരിശോധന നടത്തിയിരുന്നു. 19.31 കോടി പിടിച്ചെടുത്തതില്‍ 17 കോടിയും പൂജയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് സുമൻ കുമാറിന്റെ പക്കൽ നിന്നാണ് കണ്ടെടുത്തത്. ഈ പണം എണ്ണുന്നതിനായി മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചതായും വിവരങ്ങളുണ്ട്.
നേരത്തെ കുന്തിയിലെ സെക്ഷൻ ഓഫീസറും ജൂനിയർ എഞ്ചിനീയറുമായ രാം ബിനോദ് പ്രസാദ് സിൻഹയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 16 എഫ് ഐ ആറുകൾ ജാർഖണ്ഡ് വിജിലൻസ് ബ്യൂറോ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. സിന്‍ഹയെ ചോദ്യം ചെയ്തപ്പോഴാണ് പൂജ സിംഗാളിലേയ്ക്ക് അന്വേഷണം നീങ്ങിയത്. പൂജ ഉൾപ്പടെയുള്ളവരുടെ പേര് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്ത് നടക്കുന്ന അനധികൃത ഖനനങ്ങളുമായി രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി രേഖകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post