ബെംഗളൂരു: സ്വകാര്യ കമ്പനിയുടെ മലയാളി സിഇഒ ഉൾപ്പെടെ രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയുടെ വിവരങ്ങൾ പുറത്ത്. ബ്രോഡ്ബാൻഡ് കമ്പനിയായ എയറോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഫനീന്ദ്ര സുബ്രഹ്മണ്യ(36), സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനു കുമാർ (40) എന്നിവരെയാണ് മുഖ്യ സൂത്രധാരനും കമ്പനിയിലെ മുൻജീവനക്കാരനുമായ ജെ ഫെലിക്സ് കൊലപ്പെടുത്തിയത്. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ് വിനു കുമാർ. ഫെലിക്സിനെയും കൂട്ടുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തെ നടുക്കിയ കൊലപാതകക്കേസിന് പിന്നാലെയാണ് മുഖ്യപ്രതി ജോക്കർ ഫെലിക്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഫെലിക്സ് മുമ്പ് എയറോണിക്സ് മീഡിയ പ്രൈവറ്റിൽ ജോലി ചെയ്തിരുന്നു. ശേഷം സ്വന്തമായി സ്ഥാപനം തുടങ്ങാനായി ജോലി രാജിവെച്ചു. തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് ഭയന്നതോടെ ഫനീന്ദ്ര സുബ്രഹ്മണ്യയെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിടുകയായിരുന്നുവെന്നാണ് സൂചന.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഫെലിക്സ് ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തു, “ഈ ഗ്രഹത്തിലെ ആളുകൾ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതുകൊണ്ട് ഞാൻ ഈ ഭൂമുഖത്തെ ജനങ്ങളെ വേദനിപ്പിക്കും. ഞാൻ ചീത്ത ആളുകളെ മാത്രമേ വേദനിപ്പിക്കൂ. ഒരിക്കലും നല്ല ആളുകളെ ഉപദ്രവിച്ചിക്കില്ല”, എന്നാണ് സ്റ്റോറിയിൽ പറയുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി മറ്റൊരു സ്റ്റോറിയും പോസ്റ്റ് ചെയ്തു. സുബ്രഹ്മണ്യയുടെയും വിനു കുമാറിന്റെയും കൊലപാതകങ്ങളെക്കുറിച്ചുള്ള വാർത്താ ഭാഗമായിരുന്നു അത്. ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലായി ജോലി ചെയ്തിരുന്ന എംഡിയെയും സിഇഒയെയും വാളും കത്തിയും ഉപയോഗിച്ചാണ് പ്രതികൾ ആക്രമിച്ചത്. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ ഓഫീസിലായിരുന്നു അതിക്രമം നടന്നത്.
Discussion about this post