ന്യൂഡല്‍ഹി: ഹൈദരാബാദിൽ കൂട്ട ബലാത്സംഗക്കേസ് പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട്. 10 ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ ചെയ്തു. തോക്കുകൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്ടായി പ്രതികൾ കൊല്ലപ്പെടുകയായിരുന്നു എന്ന പൊലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്നും സമിതി പറയുന്നു. റിപ്പോർട്ട് സുപ്രിംകോടതി തെലങ്കാന ഹൈക്കോടതിയ്ക്ക് കൈമാറി. കൊല്ലപ്പെട്ട നാലു പേരിൽ മൂന്ന് പേർ പ്രായപൂർത്തി ആവാത്തവരാണ്.
രാജ്യത്തെ നടുക്കിയ ദിശ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ 2019 ഡിസംബര്‍ ആറിനാണ് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. പ്രതികള്‍ പൊലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചെന്നാണ് പൊലീസ് അവകാശപ്പെട്ടത്. സ്വയം പ്രതിരോധിക്കുന്നതിനാണ് വെടിവച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതു തെറ്റെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി.
കൊല്ലപ്പെട്ടവരില്‍ മൂന്നു പേര് പ്രായപൂര്‍ത്തി ആവാത്തവരാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ജോലു ശിവ, ജോലു നവീന്‍, ചിന്തകുണ്ട ചെന്നകേശവലു എന്നിവര്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. പത്തു പൊലീസുകാരാണ് വ്യാജ ഏറ്റുമുട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന സമിതി ശുപാര്‍ശ ചെയ്തു.
സമിതിയുടെ റിപ്പോര്‍ട്ട് തെലങ്കാന ഹൈക്കോടതിക്ക് അയയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ഇതില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത്. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന, സീനിയര്‍ അഭിഭാഷകന് ശ്യാം ദിവാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതൊരു ഏറ്റുമുട്ടല്‍ കേസിന്റെ റിപ്പോര്‍ട്ടാണ്. കമ്മിഷന് ഏതാനും പേര് കുറ്റക്കാരെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഹൈക്കോടതി നടപടി സ്വീകരിക്കട്ടെ- ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
Discussion about this post