ഓർക്കാട്ടേരി (വടകര): കുന്നുമ്മക്കരയിലെ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് (30) തിങ്കളാഴ്ച രാത്രി മരിച്ചത്. ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ അമ്മാവൻ കുന്നുമ്മക്കര സ്വദേശി ഹനീഫയെ ആണ് പോലീസ് കസ്റ്റഡയിൽ എടുത്തത്. എടച്ചേരി പോലീസ് ആണ് വെള്ളിയാഴ്ച രാത്രി ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
സംഭവ ദിവസത്തെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കഴിഞ്ഞദിവസം ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. ഭർതൃവീട്ടിൽ വെച്ച് ഇയാൾ ഷബ്നയെ മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ഐ.പി.സി. സെക്ഷൻ 498 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യം അന്വേഷണത്തിനുശേഷം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഹനീഫയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. ഇതിന് മുമ്പ് സമാനരീതിയിൽ മർദനങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് ശേഷം കൂടുതൽ പേരെ കേസിൽ ഉൾപ്പെടുത്തുമോ എന്ന കാര്യവും തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.
മരിക്കുന്നതിന് കുറച്ചുമുമ്പ് ഭർത്താവിന്റെ ബന്ധു ഷെബിനയെ മർദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളിൽപ്പോയ ഷെബിന പുറത്തുവരാതിരുന്നിട്ടും വീട്ടുകാർ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഷെബിനയുടെ ഭർത്താവ് ഹബീബ് വിദേശത്താണ്. ഭർത്താവിന്റെ ഉമ്മയും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടർന്ന് ഷെബിന വീടുമാറാൻ തീരുമാനിക്കുകയും വിവാഹസമയത്ത് നൽകിയ സ്വർണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെപേരിലാണ് തിങ്കളാഴ്ച തർക്കം നടന്നത്. ഭർത്താവിന്റെ ഉമ്മയും പിതാവും സഹോദരിയും ഉമ്മയുടെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു.
സംസാരിക്കുന്നതിനിടെ ഉമ്മയുടെ സഹോദരൻ കൈയോങ്ങിക്കൊണ്ട് ഷെബിനയ്ക്കുനേരെ പോകുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഇതിനുപിന്നാലെയാണ് ഷെബിന മുറിയിൽക്കയറി വാതിലടച്ചത്. അകത്തുനിന്നും ശബ്ദംകേട്ടപ്പോൾ പത്തുവയസ്സുകാരി മകൾ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ആരും വാതിൽതുറക്കാൻ ശ്രമിച്ചില്ല. വീട്ടിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷെബിനയുടെ ഭർത്താവ് വിദേശത്തുനിന്ന് വിളിച്ചുപറഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ അരൂരിൽനിന്ന് കുന്നുമ്മക്കരയിൽ എത്തിയശേഷമാണ് വാതിൽ ചവിട്ടിത്തുറന്നത്. അപ്പോഴേക്കും ഷെബിന മരിച്ചിരുന്നു
Discussion about this post