കോട്ടയം: ഭാര്യയെ കിടപ്പുമുറിയിൽ വച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പൊൻകുന്നം എലിക്കുളം മല്ലികശേരി കണ്ണമുണ്ടയിൽ സിനിയെ(42)യാണ് ഭർത്താവ് ബിനോയ് ജോസഫ് (48) കഴുത്തിൽ, കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കഴുത്തിന് ഗുരുതരമായി കുത്തേറ്റ സിനി പാലാ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്. ബിനോയ് സംശയ രോഗിയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു സംഭവം. രാത്രിയിൽ വീട്ടിലെത്തുന്ന ബിനോയി മുൻ വാതിലും അടുക്കള വാതിലും മറ്റൊരു താഴിട്ട് പൂട്ടുന്നതാണ് പതിവ്. ഇതിന് ശേഷം ഈ രണ്ട് താക്കോലുകളും തന്റെ തലയണയ്ക്ക് അടിയിൽ വച്ചാണ് ഇയാൾ കിടന്നുറങ്ങിയിരുന്നത്. ചെറിയൊരു അനക്കം കേട്ടാൽ പോലും വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കും. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബിനോയി കിടപ്പുമുറിയിൽ വച്ച് സിനിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോൾ ഇവരുടെ കുട്ടികൾ മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ബഹളം കേട്ട് കുട്ടികൾ എഴുന്നേറ്റു വന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സിനിയെയാണ് കണ്ടത്. ഉടനെ ഇവർ വിവരം നാട്ടുകാരെ അറിയിച്ചു. തുടർന്ന് സിനിയെ നാട്ടുകാർ ചേർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാലാ പൊലീസ് വിവരം നൽകിയതിനെ തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി. ബിനോയിയെ കസ്റ്റഡിയിൽ എടുത്തു.
Discussion about this post