സിൽവാസ: രാജ്യത്തെ നടുക്കി വീണ്ടും നരബലി. സ്വത്ത് സമ്പാദിക്കാനായി ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ബലി നൽകി. തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിക്കുകയും ചെയ്തു. ദാദ്ര ആൻഡ് നഗർ ഹവേലിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. അയൽ സംസ്ഥാനമായ
ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപിയിൽ കനാലിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 29 ന് കേന്ദ്ര ഭരണ പ്രദേശത്തിലെ ദാദ്ര ആൻഡ് നഗർ ഹവേലി (ഡിഎൻഎച്ച്) ജില്ലയിലെ സെയ്‌ലി ഗ്രാമത്തിൽ നിന്നാണ് ഒമ്പത് വയസ്സുകാരനെ കാണാതായത്. തുടർന്ന്
ഡിസംബർ 30 ന് സിൽവാസ പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കി. തുടർന്ന് സിൽവാസയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാപിയിൽ നിന്ന് തലയില്ലാത്ത ശരീരം കണ്ടെത്തുകയായിരുന്നു. ഷൈലേഷ് കോഹ്‌കേര (28), രമേശ് സൻവാർ എന്നിവരാണ് അറസ്റ്റിലായത്. ശരീരത്തിന്റെ ചില ഭാഗങ്ങൾ ബലി നൽകിയതെന്ന്
കരുതപ്പെടുന്ന സെയ്‌ലി ഗ്രാമത്തിൽ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ 29 ന് സെയ്‌ലി ഗ്രാമത്തിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടാളിയുടെ സഹായത്തോടെ നരബലിയായി കൊലപ്പെടുത്തിയതായി
ഇയാൾ സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനും പൊലീസിന് സാധിച്ചു. സുഹൃത്തായ ഷൈലേഷ് കോഹ്‌കേരയാണ് കുട്ടിയെ കൊലപ്പെടുത്താൻ സഹായിച്ചതെന്ന് പ്രായപൂർത്തിയാകാത്ത പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രമേശ് സൻവാറും ഗൂഢാലോചനയുടെ ഭാഗമായി. സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് വിശ്വസിച്ചാണ് ഇയാൾ നരബലിക്ക് പ്രേരിപ്പിച്ചത്.
ജനുവരി മൂന്നിനാണ് കൊഹ്‌കേരയെയും സാൻവറിനെയും അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തയാൾ സെയ്‌ലി ഗ്രാമത്തിലെ കോഴിക്കടയിൽ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗുജറാത്തിലെ താപി ജില്ലയിലെ കപ്രദ താലൂക്കിലെ കർജൻ സ്വദേശിയാണ് ഇയാൾ. ഇയാളെ സൂറത്തിലെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.
Discussion about this post