
പയ്യോളി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ പയ്യോളി മുൻസിപ്പാലിറ്റിയിലെ 16, 17, 18, 19 വാർഡുകൾ ചേർന്ന് രൂപീകരിച്ച തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് കീഴൂർ എ യു പി സ്കൂൾ മുതൽ അട്ടക്കുണ്ട് ടൗൺ വരെ മനുഷ്യചങ്ങല തീർക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രക്ഷിതാക്കൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കലാ -സാംസ്കാരിക സംഘടനകൾ, ക്ഷേത്ര കമ്മറ്റികൾ, പള്ളി കമ്മറ്റികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരൊക്കെ ചങ്ങലയിൽ കണ്ണികളാവും.

വൈകുന്നേരം 4 മണിക്ക് തീർക്കുന്ന ചങ്ങല വടക്കലിൽ ഷഫീഖ് ഉദ്ഘാടനം ചെയ്യും.
മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം സപ്തംബർ 30 ന് വെള്ളിയാഴ്ച 4.30 ന് കെ കെ കടത്തനാട് കണ്ണ് കെട്ടി ബൈക്ക് ഓടിക്കും. അകമ്പടിയായി വിളംബര ബൈക്ക് റാലിയും നടക്കും. കീഴൂർ ഇ കെ നായനാർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് കീഴൂർ ടൗൺ, പയ്യോളി ടൗൺ, തച്ചൻകുന്ന്, തുറയൂർ എന്നിവിടങ്ങളിൽ സന്ദർശിച്ച് കീഴൂർ സ്റ്റേഡിയത്തിൽ സമാപിക്കും. പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്യും.

ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഓരോ വാർഡിലും പ്രത്യേകം കമ്മറ്റി രൂപികരിക്കുകയും ഓരോ കമ്മറ്റിയിലും 6 വീതം സ്കോഡുകൾ രൂപികരിക്കുകയും ചെയ്തു. ലഘുലേഖകളുമായും അല്ലാതെയും ആയിരത്തിൽപ്പരം വീടുകൾ സന്ദർശിച്ചു. രക്ഷിതാക്കളെയും കുട്ടികളേയും ബോധവൽക്കരിച്ചു.

രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാണ് മനുഷ്യച്ചങ്ങലയോടെ തുടക്കം തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, ലഹരിവിരുദ്ധ ജാഗ്രതാ സമിതി ചെയർമാൻ കാര്യാട്ട് നാരായണൻ, കൺവീനർ സി കൃഷ്ണൻ, കാട്ടു കണ്ടി ഹംസ, മാതാണ്ടി അശോകൻ മാസ്റ്റർ, എം വി ബാബു എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരെ തച്ചൻകുന്നിൽ മനുഷ്യ ചങ്ങല വാർത്താസമ്മേളനം വീഡിയോ കാണാം…

Discussion about this post