അരുണും ദർശനയും ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. കോളേജ് തുടങ്ങി ഇരുപത് ദിവസങ്ങൾ കൊണ്ട് തന്നെ അവർ പ്രണയബദ്ധരാകുന്നു. കൗമാരപ്രായത്തിലെ അപക്വമായ പ്രവൃത്തികൾ മുന്നോട്ടുള്ള വഴി അവർക്കിടയിൽ ദുർഘടമാക്കുന്നു . പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലൂടെ ജീവിതം മുന്നോട്ട് കടന്നു പോകുന്നു
കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ കാമ്പസ് അനുഭവിക്കാനോ സൗഹൃദം സ്ഥാപിക്കാനോ പ്രയാസമുള്ള ഈ മഹാമാരി കാലത്ത് രസകരമായ കാമ്പസ് ജീവിതത്തിന്റെ പതിപ്പ് ഹൃദയം എന്ന സിനിമ നൽകുന്നു . കോളജ് ജീവിതം പിന്നിട്ടവർക്ക് അവരുടെ യൗവനകാലത്തെ ഓർമ്മിപ്പിക്കാനുള്ള അവസരവും ഈ സിനിമ ഒരുക്കുന്നു.
എൻജിനിയറിംഗ് കോളേജിൽ ചേർന്ന ആദ്യ വർഷം തന്നെ അരുണും (പ്രണവ് മോഹൻലാൽ) ദർശനയും (ദർശന രാജേന്ദ്രൻ) പ്രണയത്തിലാകുന്നു. അവർ പരസ്പരം ഭ്രാന്തമായി സ്നേഹിക്കുന്നു. എന്നാൽ പ്രണയത്തിന്റെ പൊതുവായ സ്വാർത്ഥത ഒഴിവാക്കാൻ അവർക്കിരുവർക്കും കഴിയുന്നില്ല. ആഖ്യാനം പുരോഗമിക്കുന്നതിനനുസരിച്ച് സൗഹൃദവും പ്രണയവും വിവിധ പരിണാമ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അരുൺ എങ്ങനെ പ്രവേശിക്കുന്നുവെന്നും അതിന്റെ പരിണാമം വിവിധ ഘട്ടങ്ങളിൽ അവൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുമാണ് സിനിമ തുടർന്ന് പറയുന്നത്.
ചെന്നൈയിലെ ഒരു മലയാളിയുടെ കാമ്പസ് ജീവിതം ചിത്രീകരിക്കാനാണ് ഹൃദയം ശ്രമിക്കുന്നത്. നഗരങ്ങളിലെ ക്യാമ്പസിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയവർക്ക് ഒരു പക്ഷെ ഈയൊരു സിനിമയോട് കൂടുതലായി താദാത്മ്യം പ്രാപിക്കാൻ കഴിയുമായിരിക്കും . നഗരത്തിന്റെ വ്യത്യസ്ത മാനസികാവസ്ഥകളും രുചികളും ജീവിതങ്ങളും സിനിമയിൽ അനാവരണം ചെയ്യുന്നുണ്ട് . പ്രണവിന്റെയും ദർശനയുടെയും കഥാപാത്രങ്ങൾ അവരുടെ കരിയറായി എൻജിനിയറിംഗ് വിട്ട് മറ്റ് മേഖലകൾ തെരഞ്ഞെടുക്കുമ്പോൾ കാമ്പസിലും ജീവിതത്തിലും സ്വന്തം വഴി ചാർട്ട് ചെയ്യാൻ ശ്രമിക്കുന്ന ശരാശരി മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെയാണ് നമുക്ക് കാണാൻ കഴിയുന്നത് .അതെ, അവർ ഒരു ട്രാക്കിൽ തുടങ്ങുന്നു, എന്നാൽ ഇത് തങ്ങൾ ആഗ്രഹിക്കുന്നതല്ലെന്ന് പാതിവഴിയിൽ തിരിച്ചറിയുന്നു. പ്രണവ്, ദർശന തുടങ്ങിയവരുടെ പ്രകടനത്തിലൂടെ പുറത്തെടുത്ത രസകരമായ ഒരു വൈകാരികത സിനിമയ്ക്കുണ്ട്. അതിന് കാഴ്ചക്കാരുടെ ഹൃദയത്തിൽ മൃദുവായ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് . സിനിമയുടെ രണ്ട് പകുതികളിലും ആധിപത്യം പുലർത്തുന്ന പ്രണവ് തീർച്ചയായും ഹൃദയം എന്ന ചിത്രത്തിൽ തൻ്റെ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട് . സിനിമയിലെ ഗാനങ്ങളിൽ ചിലതെല്ലാം ഹൃദയസ്പർശിയാണ്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്.
മൂന്ന് മണിക്കൂറോളം നീട്ടി കഥ പറയാൻ ശ്രമിച്ചത് സിനിമയുടെ ആസ്വാദനത്തെ നന്നായി ബാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലെ അനാവശ്യ കാഴ്ചകൾ ഒഴിവാക്കി തീർച്ചയായും സിനിമയുടെ നീളം വെട്ടിക്കുറയ്ക്കാമായിരുന്നു.
സിനിമയിലെ കഥാഗതികൾ പലതും തന്നെ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത് തന്നെയാണ് എങ്കിലും സെൽവ, കാളി, മായ , നിത്യ, ലെച്ചുപാട്ടി തുടങ്ങി കണ്ണ് നനയിക്കുന്നതും അല്ലാത്തതുമായ നിരവധി കഥാപാത്രങ്ങൾ സിനിമയിൽ അവരുടെ ഭാഗങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്
കാമ്പസ് പ്രണയം, അനുയോജ്യമായ കരിയർ കണ്ടെത്തൽ എന്നിവയിൽ നിന്ന് ഒരു കുടുംബനാഥന്റെ ജീവിതത്തിലേക്ക് അരുണിന്റെ മാറ്റം എന്നീ വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, ഒരു മാറിയ മനുഷ്യന്റെ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്ന ചില സംഭാഷണങ്ങൾ ഉൾപ്പെടുത്താൻ സിനിമയിൽ ശ്രമമുണ്ടെങ്കിലും അത് ഒരു അഭിനേതാവെന്ന നിലയിൽ പ്രകടിപ്പിക്കാൻ പ്രണവിന് കഴിയുന്നില്ല എന്ന് കാണാം .
ഇതൊന്നും നിങ്ങൾ കാര്യമായി ശ്രദ്ധിക്കുന്നില്ലെങ്കിൽ മുഖത്ത് പുഞ്ചിരിയോടെ ക്യാമ്പസ് ഓർമ്മകളോടെ ദർശന എന്ന പാട്ടും മൂളി വീട്ടിലേക്ക് സന്തോഷത്തിൽ പോകാവുന്ന തരത്തിൽ തന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം ഇപ്പോൾ Disney Hotstar ൽ ലഭ്യമാണ്
തയ്യാറാക്കിയത്: രാഗേഷ് അഥീന
Discussion about this post