ന്യൂഡൽഹി: കർണാടകയിലെ കോളേജുകളിലെ ഹിജാബ് പ്രശ്‌നം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്നും ഹൈക്കോടതി ഇക്കാര്യത്തിൽ ഇടക്കാല ആശ്വാസം നൽകുമോയെന്ന് നോക്കാമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എൻ.വി രമണ ഹർജി തളളിക്കൊണ്ട് അറിയിച്ചത്. കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ഹർജി നൽകിയ കോളേജ് വിദ്യാർത്ഥിനിയായ ഫാത്തിമ ബുഷ്‌റയ്‌ക്ക് വേണ്ടി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് സ്വീകരിച്ചില്ല.
ഹിജാബിൽ നിയന്ത്രണം വന്നതോടെ തന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഫാത്തിമ ബുഷ്‌റ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹിജാബ് ധരിച്ച് കോളേജിൽ വിദ്യാർത്ഥിനികൾ വരുന്നതിനെതിരെ കാവി ഷാളണിഞ്ഞ് ഹിന്ദു വിദ്യാർത്ഥികളെത്തിയതോടെ വിഷയത്തിൽ വലിയ സംഘർഷമാണ് സംസ്ഥാനത്ത് ഉണ്ടായത്.
ഹിജാബ് ധരിച്ച് ക്ളാസിലിരിക്കാൻ അനുമതി ലഭിക്കാത്ത അഞ്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കുന്നത്. എന്നാൽ ഒൻപതംഗ സുപ്രീംകോടതി ബെഞ്ച് കേസിൽ വാദം കേൾക്കണമെന്നാണ് കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടത്. സ്കൂളുകളും കോളേജുകളും അടച്ചതായും പെൺകുട്ടികളെ ആളുകൾ കല്ലെറിയുന്ന സ്ഥിതിയുണ്ടെന്നും സിബൽ കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി വാദം കേൾക്കാൻ ലിസ്‌റ്റ് ചെയ്‌താൽ ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനാവില്ല. അതിനാൽ ഹൈക്കോടതി കേസ് പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.
Discussion about this post