കൊച്ചി: നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണെന്ന് ഹൈക്കോടതി. ഇത്രയും ചെറുപ്പത്തില്‍ കുട്ടികളുടെ മനസ്സുകളിലേക്ക് രാഷ്ട്രീയം കുത്തിവെയ്ക്കേണ്ട എന്നും എല്ലാവര്‍ക്കും രാഷ്ട്രീയം സ്വാഭാവികമായി ഉണ്ടായിക്കോളുമെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാദമിക് കരിക്കുലത്തിന്റെ ഭാഗമാണെന്ന സര്‍ക്കാരിന്റെ വാദത്തെ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. അക്കാദമിക് കരിക്കുലത്തില്‍ ദിവസവും മാറ്റം വരുത്താന്‍ കഴിയുമോയെന്ന് ഹൈക്കോടതി വിമർശിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് ഗൗരവതരമായ കുറ്റമാണെന്നും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഉപഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ കോടതി ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.
നവകേരള സദസ്സില്‍ വിദ്യാർഥികളെ എത്തിക്കാനുള്ള ശ്രമം വിമർശനങ്ങള്‍ക്ക് കാരണമായിരുന്നു. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. വിദ്യാര്‍ത്ഥികള്‍ നാടിന്റെ സമ്പത്താണ്. അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.
Discussion about this post