കൊച്ചി: നടൻ ദിലീപിന് എതിരെയുള്ള നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയാറാണെന്ന് നടൻ ദിലീപ്. കേസിൽ ആവശ്യമെങ്കിൽ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാമെന്നാണ് ദിലീപ് കോടതിയിൽ അറിയിച്ചത്.
ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയ റിപ്പോർട്ടിലുണ്ടെന്ന് കോടതി സൂചിപ്പിച്ചതിനു പിന്നാലെയാണ് അന്വേഷണത്തോട് സഹകരിക്കാമെന്ന നിലപാടിൽ ദിലീപ് എത്തിയത്. കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചാൽ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ദിലീപ് പറഞ്ഞു. ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന നിലപാടാണ് വാദത്തിന്റെ അവസാന ഘട്ടത്തിൽ ദിലീപിന്റെ അഭിഭാഷകർ സ്വീകരിച്ചത്.
ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നായിരുന്നു തുടക്കത്തിൽ ദിലീപിന്റെ വാദം. കേസിലെ സാക്ഷി ബാലചന്ദ്രകുമാറുമായി തനിക്ക് അൽപകാലത്തെ ബന്ധം മാത്രമേയുള്ളെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
ഗൂഢാലോചന നടത്തിയാൽ കൃത്യം ചെയ്തില്ലെങ്കിലും കുറ്റം ചെയ്തതായി കണക്കാക്കാം. ഗൂഢാലോചന അന്വേഷിക്കുന്നതിന് തടസം നില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി നിരീക്ഷണത്തില്‍ തുടരന്വേഷണം വേണം. ദിലീപിനെതിരെ ദൃശ്യങ്ങളുള്‍പ്പെടെ തെളിവുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
Discussion about this post