കൊച്ചി: യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ ദൃശ്യങ്ങൾ, വിചാരണ കോടതിയിൽ നിന്നും ചോർന്നെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി. എറണാകുളം ജില്ലാ കോടതിയിൽ നിന്നാണ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ചോർന്നതെന്ന് ആരോപണം ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് പരാതി നൽകുകയായിരുന്നു.
ഹൈക്കോടതി വിജിലൻസ് ഡി വൈ എസ് പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നോ എന്ന് അന്വേഷിക്കണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നടി കത്തയച്ചു. പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നതിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കത്തയച്ചത്.
നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ച ജില്ലാ സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. 2019 ഡിസംബർ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതിയിൽ സ്ഥിരീകരിച്ചത്.
Discussion about this post