കൊച്ചി: അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കൈമാറി ഇ ശ്രീധരന്. കേരള സര്‍ക്കാര്‍ പ്രതിനിധിയായ കെ വി തോമസിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രണ്ട് പേജ് റിപ്പോര്‍ട്ടാണ് നല്‍കിയത്. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണമെന്നും പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നുമാണ് ഇ ശ്രീധരന്റെ റിപ്പോർട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരൻ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചാലുടന്‍ തുടര്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് കെ വി തോമസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇ ശ്രീധരനുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ വി തോമസ് പ്രതികരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഇ ശ്രീധരന്റെ പൊന്നാനിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ശബരി പാത, ചെങ്ങന്നൂര്‍-പുനലൂര്‍ പാത എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കെ റെയിലില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്നും ഇ ശ്രീധരനുമായുളള ചര്‍ച്ച മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നുവെന്നും, പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നും കെ വി തോമസ് പറഞ്ഞിരുന്നു.
ഇ ശ്രീധരനെ ഒപ്പം കൂട്ടി സംസ്ഥാനത്തെ റെയിൽ വികസനത്തിലെ തടസ്സങ്ങൾ മാറ്റാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്നത്. സർക്കാർ പുതിയ സെമി സ്പീഡ് / ഹൈ സ്പീഡ് പദ്ധതി കൊണ്ടുവന്നാൽ സഹകരിക്കുമെന്നും അത് പരിസ്ഥിതി അനുകൂല പദ്ധതിയാകണമെന്നും കെ വി തോമസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇ ശ്രീധരൻ പറഞ്ഞിരുന്നു. പുതിയ ഡി പി ആർ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കും. ആ പദ്ധതി നടപ്പിലാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകാൻ തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post