കൊച്ചി: പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹബന്ധത്തിൽ കല്ലുകടിയുണ്ടാകുന്പോൾ ഉയർത്തുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി.സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിംഗ് കൗണ്‍സൽ കൂടിയായ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ. നാഥിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം പരാമർശിച്ചത്.
ഇത്തരം കേസുകളിൽ വിവാഹ വാഗ്ദാനം നൽകിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണ് നിർണായകമായി പരിഗണിക്കേണ്ടതെന്നു ഹർജിയിൽ വാദം കേൾക്കവേ ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പറഞ്ഞു.
വിദേശ രാജ്യങ്ങളിലേതു പോലെ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലിവ് ഇന്‍ ബന്ധങ്ങള്‍ സാധാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധം ഏറെ മുന്നോട്ടുപോയതിനു ശേഷമാവും ഇവരില്‍ ഒരാള്‍ക്ക് ഇതു തുടരാനാവില്ലെന്നു ബോധ്യപ്പെടുക. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം നിലനില്‍ക്കണമെന്നില്ല. അത് വിശ്വാസ വഞ്ചന മാത്രമാണെന്നും ജസ്റ്റിസ് ബെഞ്ച് കുര്യന് തോമസിന്റെ ബെഞ്ച് പറഞ്ഞു.
നവനീത്, ബന്ധത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നൽകിയത്. ജൂണ്‍ 21-നായിരുന്നു പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ല കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post