കൊച്ചി: ഡോക്ടര്‍ മുതല്‍ സുരക്ഷാ ജീവനക്കാര്‍ വരെയുള്ള ആശുപത്രി ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടാവുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ് കോടതി നിര്‍ദേശം നല്‍കിയത്. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കുറ്റക്കാരെ കര്‍ശനമായി
നേരിടുകയാണ് ഇതുതടയുന്നതിനുള്ള വഴിയെന്നും കോടതി വ്യക്തമാക്കി. കേസെടുത്ത് എത്രയും പെട്ടെന്ന് കുറ്റക്കാരെ പിടികൂടണം. വേഗത്തില്‍ നടപടിയുണ്ടായാലേ അക്രമം തടയാനാകൂ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.സ്വകാര്യ ആശുപത്രി അസോസിയേഷനടക്കം നല്‍കിയ
ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം. ഒരു മണിക്കൂറിനുള്ളില്‍ കേസെടുക്കണമെന്ന നിര്‍ദേശം ആദ്യപടിയാണ്. ആവശ്യമെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്യണം. ഇത്തരം കേസുകളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്നും എന്തൊക്കെയാണ് സ്വീകരിക്കാന്‍ പോകുന്ന നടപടികളെന്നും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post