ചെന്നൈ: ദേശീയപുരസ്കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയായ കാസമ്മാൾ (71) മകന്റെ അടിയേറ്റു കൊല്ലപ്പെട്ടു. കൊലപാതകത്തിന് മകന് നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം നടന്നത്.
മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ മകൻ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നാണ് പോലീസ് എഫ്ഐആര്‍ പറയുന്നത്. ബാൽസാമി-കാസമ്മാൾ ദമ്പതിമാർക്ക് നമകോടിയെ കൂടാതെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി കാസമ്മാളിനൊപ്പമാണ് താമസിച്ചിരുന്നത്.
എം മണികണ്ഠൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ചിത്രമാണ് കടൈസി വ്യവസായി. 85 വയസ്സുള്ള ഒരു കർഷകനെക്കുറിച്ചാണ് സിനിമ പറയുന്നത്. വിജയ് സേതുപതി, അന്തരിച്ച നടൻ നല്ലാണ്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
ഒട്ടേറെ ഗ്രാമീണറെ കാസ്റ്റിംഗ് നടത്തിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചയാളാണ് കാസമ്മാൾ. യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. മണികണ്ഠൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചത്. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരമാണ് കടൈസി വ്യവസായി നേടിയത്. ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
Discussion about this post