കാഞ്ഞങ്ങാട് : രാത്രി വീടിന്റെ കോളിങ് ബെല്ലടി ശബ്ദംകേട്ട് പുറത്തേക്കുവന്ന വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നു. ബല്ല കടപ്പുറം എംഎസ് മൻസിലിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ എംഎസ് മൈമൂനയുടെ (40) കഴുത്തിൽ നിന്നാണ് ആഭരണം തട്ടിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്.
കോളിങ് ബെല്ലടിച്ച് മൈമൂനയെ വീടിന് പുറത്ത് വരുത്തുകയായിരുന്നു. വാതിൽ തുറന്ന ഉടൻ പുറത്ത് കാത്തുനിൽക്കുകയായിരുന്ന അക്രമി മുഖത്തേക്ക് മുളകുപൊടി വാരിയെറിഞ്ഞു. ഇതിനിടയിൽ കഴുത്തിൽ ഉണ്ടായിരുന്ന നാലു പവൻ സ്വർണമാല അക്രമി പിടിച്ച് പറിക്കുകയും ചെയ്തു . ഭയന്ന് നിലവിളിച്ച യുവതി വീട്ടിനകത്തേക്ക് ഓടിക്കയറി വാതിലച്ചു. സ്വർണാഭരണത്തിന്റെ ഒരു ഭാഗം മാത്രമേ മോഷ്ടാവിന് ലഭിച്ചിട്ടുള്ളൂ. ഇത് അര പവനോളം വരും. കവർച്ചക്കാരൻ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല.
രാത്രിയിൽ നാട്ടുകാർ തീരദേശ മേഖലയിൽ വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസെടുത്തു. കണ്ണിൽ മുളകുപൊടി വിതറി വീട്ടിൽനിന്ന് ആഭരണം കവർന്ന സംഭവം തീരദേശ മേഖലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ ഉൾപ്പെടെ പരിശോധിച്ച് കവർച്ചക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കവർച്ചക്കാരൻ മോട്ടോർ ബൈക്കിൽ എത്തിയെന്നാണ് കരുതുന്നത്. ഒന്നിൽ കൂടുതൽ പേർ ഉള്ളതായി സംശയിക്കുന്നു
Discussion about this post