പയ്യോളി: തനിക്ക് രാഷ്ട്രീയമില്ലെന്നും സ്പോർട്സ് ആണ് എൻ്റെ ജീവവായുവെന്നും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒളിംപ്യൻ പി ടി ഉഷ. രാജ്യസഭാ നാമനിർദേശം ഇന്ത്യൻ കായികരംഗത്തിനുള്ള അംഗീകാരമാണ്.
സ്പോർട്സിന് വേണ്ടിയാണ് ഇതുവരെ ജീവിച്ചത്. സ്പോർട്സിനുവേണ്ടിയാണ് ഇനിയും പ്രവർത്തിക്കുക. ഈയൊരു നാമനിർദ്ദേശത്തിന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും പി ടി ഉഷ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.
രാഷ്ട്രീയ പ്രവേശനമില്ല. കായിക രംഗത്തെ എൻ്റെ നേട്ടങ്ങളാണ് ഇവിടെ വരെയെത്തിച്ചത്.
എളമരം കരീമിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, കഴിഞ്ഞ 30 വർഷങ്ങളായി എനിക്ക് ഏറ്റവുമടുത്തറിയാവുന്ന, താൻ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നായിരുന്നു ഉഷയുടെ മറുപടി.
അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി ടി ഉഷ പറഞ്ഞു. ബിജെപി നേതാക്കൾക്കൊപ്പമാണ് ഉഷ വാർത്താസമ്മേളനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെക്കുറിച്ചു ചെയ്ത ട്വീറ്റിൽ വളരെയധികം സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് വി കെ സജീവൻ, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണൻ എന്നിവരും ഉഷയോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post