കോട്ടയം: മാലിന്യ ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹരിതകർമ്മസേനക്കായി ‘ഹരിത മിത്രം’ എന്ന പേരിൽ ആപ്പ് പുറത്തിറക്കുന്നു. ഹരിതമിത്രം മോണിറ്ററിംഗ് സിസ്റ്റം എന്നാണ് കെൽട്രോണിന്‍റെ സഹായത്തോടെ പുറത്തിറക്കുന്ന ആപ്പിന്‍റെ പൂർണ രൂപം. ജില്ലയിലെ എല്ലാ നഗരസഭകളുമുൾപ്പെടെ 27 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. മാർച്ച് ആദ്യ വാരത്തോടെ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹരിതകേരളം മിഷൻ.
ഇതിനായി അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലനം ഫെബ്രുവരി 10ന് നടത്തും. ജില്ലാ ആസൂത്രണ സമിതി ഇതു സംബന്ധിച്ച് പദ്ധതികൾ സമർപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് സ്ഥാപിക്കും. ഈ ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ വീടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം അളവ്, കൈമാറുന്ന തീയതി, നൽകിയ യൂസർഫീ, യൂസർഫീയോ മാലിന്യമോ നൽകാത്ത ഉടമകളുടെ വിവരങ്ങൾ, ഹരിതകർമ്മസേന പ്രവർത്തകരോടുള്ള പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആപ്പിൽ ലഭിക്കും.
ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈൽ റീചാർജ് ചെയ്യുന്നതിനുള്ള പണം ഹരിതകർമ്മസേന പ്രവർത്തകർക്ക് ലഭ്യമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, നഗരകാര്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ ഏകോപനം. പ്ലാസ്റ്റിക് ഉൾപ്പെടെയുളള അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
Discussion about this post