ഹരിപ്പാട്: നാഷണൽ തെർമൽ പവർ കോർപ്പന്റെ (എൻടിപിസി) കായംകുളം താപവൈദ്യുത നിലയം ജലാശയത്തിന്റെ ഉപരിതലത്തിൽ സ്ഥാപിച്ച പൊങ്ങിക്കിടക്കുന്ന സൗരോർജ പാനലുകൾ പ്രവർത്തനസജ്ജമാകുന്നു. 92 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതിയുടെ ഒന്നാം ഘട്ടമായി 22 മെഗാവാട്ട് ഈ മാസം കമ്മിഷൻ ചെയ്യുമെന്ന് എൻടിപിസി കായംകുളം ജനറൽ മാനെജർ എസ് കെ റാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഏറ്റെടുത്ത 22 മെഗാവാട്ടിൽ 10 മെഗാവാട്ട് സൗരോർജ പ്ലാന്റ് ഉത്പാദനത്തിന് സജ്ജമായിക്കഴിഞ്ഞു. ശേഷിക്കുന്ന 12 മെഗാവാട്ട് സൗരോർജ യൂണിറ്റ് ഈ മാസാവസാനത്തോടെ പ്രവർത്തനക്ഷമമാകും. യൂണിറ്റിന് 3.16 രൂപയ്ക്കാണ് കെഎസ്ഇബി ഈ സൗരോർജ വൈദ്യുതി വാങ്ങുക. കെഎസ്ഇബിയുമായി 25 വർഷത്തെ ദീർഘകാല വൈദ്യുതി വിൽപന കരാർ എൻടിപിസി ഒപ്പിട്ടു കഴിഞ്ഞു. ടാറ്റാ സോളാറാണ് 72 മെഗാവാട്ടിന്റെ രണ്ടാമത്തെ യൂണിറ്റ് നിർമിക്കുന്നത്. ഇതിന്റെ നിർമാണം താപനിലയത്തിന്റെ തെക്കേ ബ്ലോക്കിൽ പുരോഗമിക്കുകയാണ്. ജൂലൈയിൽ ഇതും പ്രവർത്തനക്ഷമമാകും.
100 മെഗാവാട്ട് ശേഷിയുള്ള തെലങ്കാനയിലെ രാമഗുണ്ടമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പ്ലാന്റ്. രണ്ടാം സ്ഥാനമാണ് കായംകുളത്തിനുള്ളത്. താപനിലയത്തിൽ നിലവിലെ നാഫ്ത പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കെഎസ്ഇബി കൂടുതൽ വൈദ്യുതി ആവശ്യപ്പെട്ടാൽ 45 ദിവസത്തിനകം നാഫ്ത പ്ലാന്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. അതിനാവശ്യമായ നാഫ്ത ആവശ്യാനുസരണം എത്തിക്കാമെന്ന് ഭാരത് പെട്രോളിയം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നാഫ്തക്ക് പകരമായി ഗ്യാസും ഗ്രീൻ ഹൈഡ്രജനുമുപയോഗിച്ച് താപനിലയം പ്രവർത്തിക്കാൻ കഴിയുമോ എന്നതും പരിശോധിക്കുന്നുണ്ടെന്ന് ജനറൽ മാനെജർ പറഞ്ഞു.
എച്ച്ആർ വിഭാഗം എജിഎം എം. ബാലസുന്ദരം, സോളാർ വിഭാഗത്തിന്റെ എജിഎം മാരുതി മാലക്, സീനിയർ മാനെജർമാരായ പി. പ്രവീൺ, പി.ബി. ദേവു, ജൂനിയർ ഓഫിസർ സൈമൺ ജോൺ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post