കണ്ണൂർ: തലശേരി പുന്നോലിൽ ഹരിദാസന്റെ കൊലപാതകം ബി ജെ പി – ആർ എസ് എസ് സംഘം നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സി പി എം പ്രവർത്തകരെ കൊല്ലുമെന്ന് ബി ജെ പി കൗൺസിലർ പ്രസംഗിച്ചിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒന്നിലധികം സംഘങ്ങൾ ഹരിദാസനെ ലക്ഷ്യമിട്ട് കാത്തുനിന്നു. അതിക്രൂര കൊലപാതകമാണ് നടന്നത്. പ്രതികൾ ഹരിദാസന്റെ ഒരു കാൽ വെട്ടിമാറ്റിയെന്നും ജയരാജൻ പറഞ്ഞു. ‘ 10 സി പി എം പ്രവർത്തകരാണ് രണ്ട് വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത്. കൊലയ്ക്ക് കൊല സി പി എമ്മിന്റെ രീതിയല്ല.സി പി എം ഭൂമിയോളം ക്ഷമിക്കുകയാണ്. ‘ – ജയരാജൻ പറഞ്ഞു.
പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എം വി ജയരാജൻ അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസൻ കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൃത്യം നടത്തിയത്.
Discussion about this post