ബാങ്കോക്ക്: തായ്ലന്ഡ് ആതിഥേയത്വം വഹിക്കുന്ന 2023 ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി ഹനുമാന്. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മത്സരങ്ങള്‍ ജൂലായ് 11 ന് ആരംഭിക്കും. തായ് ഹനുമാന്റെ ചിത്രമാണ് ഭാഗ്യചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത്.
‘ഭഗവാന് ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന് തന്റെ ശക്തിയും ധൈര്യവും അറിവുമെല്ലാം ഉപയോഗിച്ചു. ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ ധൈര്യവും അര്‍പ്പണമനോഭാവവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഹനുമാനെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമാക്കിയത്’- ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന് വെബ്സൈറ്റില്‍ കുറിച്ചു.
ഹനുമാനെപ്പോലെ ആത്മസമര്‍പ്പണവും ധൈര്യവും ശക്തിയുമെല്ലാം കായിക താരങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന് കൂട്ടിച്ചേര്‍ത്തു. ജൂലായ് 12 മുതല്‍ 16 വരെയാണ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
മുരളി ശ്രീശങ്കര്‍ അടക്കമുള്ള നിരവധി മലയാളി താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഷോട്ട്പുട്ട് താരമായ തജിന്ദര്‍പാല്‍ സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം ശനിയാഴ്ച രാത്രി തന്നെ യാത്ര പുറപ്പെട്ടിരുന്നു.
Discussion about this post