കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറില്‍ അതേ ദിവസം ദുരൂഹസാഹചര്യത്തില്‍ മറ്റൊരിടത്ത് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു എന്ന് സംശയം. KL 04 AF 3239 എന്ന വ്യാജ നമ്പറില്‍ പ്രദേശത്ത് കറങ്ങിയ സ്വിഫ്റ്റ് കാറിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വൈകിട്ട് 3.27 നും 3.50 നും ഇടയിൽ കാർ പള്ളിക്കൽ – മുന്നില റോഡിലൂടെ കടന്നുപോയതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
റോഡില്‍ ഒറ്റയ്ക്ക് നിന്നിരുന്ന ഒരു കുട്ടിയുടെ അടുത്ത് എത്തിയപ്പോള്‍ കാർ വേഗത കുറയ്ക്കുന്നതും മറ്റ് വണ്ടിയും ആളുകളും വരുന്നത് കണ്ടപ്പോള്‍ വേഗതകൂട്ടി മുന്നോട്ട് നീങ്ങുകയും ചെയ്യുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. മുന്നോട്ട് പോയ വണ്ടി വീണ്ടും തിരിച്ചു വരുന്നതിന്‍റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അബിഗേലിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപാണ് ഈ സംഭവം. കുട്ടികൾ ഉള്ള സ്ഥലത്ത് എത്തുമ്പോൾ സംഘം വാഹനത്തിന്റെ വേഗത കുറയ്ക്കുന്നുണ്ട്. കുട്ടികളാണോ സംഘത്തിന്‍റെ ലക്ഷ്യം എന്നും സംശയം ഉണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അബിഗേലിന്‍റെ മൊഴിയില്‍ രണ്ട് സ്ത്രീകളെ കുറിച്ച് സൂചന ഉണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതൽ കുട്ടിക്കായി നാട്ടുകാരും പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
Discussion about this post