തിരുവനന്തപുരം: ഭരണഘടനയ്ക്ക് എതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ വിമർശനത്തിൽ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം താൻ അറിഞ്ഞത് മണിക്കൂറുകൾ മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. സംഭവത്തില്‍ താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്നും ആരും ഉത്തരവാദിത്വം മറക്കരുതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാർ അധികാരത്തിലേറുന്നതെന്നും ഗവർണർ ഓർമ്മിപ്പിച്ചു. മന്ത്രി സജി ചെറിയാൻ രാജിവെക്കണം അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഗവർണറുടെ പരോക്ഷ പ്രതികരണം വന്നത്.
അതേസമയം, പത്തനംതിട്ട അബാൻ ജംഷനിൽ നിന്നും മന്ത്രിയുടെ കോലവുമായി യുവമോർച്ചാ പ്രവർത്തകർ പ്രകടനമായി ഗാന്ധി സ്വക്വയറിൽ എത്തിയ ശേഷം കോലം കത്തിച്ച് പ്രതിഷേധിച്ചു. എന്നാൽ ഭരണഘടനയുടെ അന്തസത്ത തകര്‍ന്നെന്നാണ് ഉദേശിച്ചതെന്നും മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും സജി ചെറിയാന്‍ വിശദീകരിച്ചു.
നിയമസഭയിലാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ചിലത് നാക്കുപിഴയാകാമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഡല്‍ഹിയില്‍ പറഞ്ഞു.
Discussion about this post