കോഴിക്കോട്: നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും അതുപോലെ തന്നെ മുരിങ്ങയുടെ പൂവും. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഇവയെല്ലാം. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു.
ഓറഞ്ചിനെക്കാൾ ഏഴിരട്ടി വിറ്റാമിൻ സി, ക്യാരറ്റിനേക്കാൾ 10 മടങ്ങ് വിറ്റാമിൻ എ, പാലിനേക്കാൾ 17 മടങ്ങ് കാത്സ്യം, തൈരിനേക്കാൾ ഒമ്പത് മടങ്ങ് പ്രോട്ടീൻ, വാഴപ്പഴത്തേക്കാൾ 15 മടങ്ങ് പൊട്ടാസ്യം, ചീരയെക്കാള്‍ 25 മടങ്ങ് ഇരുമ്പ് എന്നിവ നൽകാൻ മുരിങ്ങയ്ക്കയ്ക്ക് കഴിയും. കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ധരും ശുപാർശ ചെയ്യുന്നു.
മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില ഗുണപ്രദമാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.
അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Discussion about this post