കൊച്ചി: ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കാര നഗരസഭ വൈസ് ചെയർമാന്‍റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന.
ഈ മാസം 17 നാണ് ദുബായില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രം കൊണ്ടുവന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് യന്ത്രത്തില്‍ നിന്നും പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് യന്ത്രം എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറിലേക്ക് കയറ്റുന്നതിനിടെയാണ് യന്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടിയത്. നാലു കട്ടികളായി രണ്ടു കിലോ 232 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്റ്‌സ് യന്ത്രം തകര്‍ത്ത് സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഈ യന്ത്രം എത്തിയ സ്ഥാപന ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ്, സ്ഥാപനവുമായും സ്വര്‍ണക്കടത്തുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന് ബന്ധമുണ്ടെന്ന സൂചന കസ്റ്റംസിന് ലഭിച്ചത്. ഇറച്ചിവെട്ടു യന്ത്രം വാങ്ങാനെത്തിയ ആളെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു.
Discussion about this post